Asianet News MalayalamAsianet News Malayalam

കെ സുരേന്ദ്രനെതിരായ നടപടികള്‍; ബിജെപിയുടെ വഴി തടയല്‍ സമരത്തിന് ഇന്ന് തുടക്കം

പ്രളയബാധിതര്‍ക്ക് സഹകരണവകുപ്പ് വീട് നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ നൽകുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയായ ഐഎച്ച്ആര്‍ഡി എൻജിനിയറിംഗ് കോളിജിലേക്ക് മാര്‍ച്ചും ബിജെപി നടത്തും

bjp protest against police attack against k surendran
Author
Chengannur, First Published Dec 2, 2018, 6:33 AM IST

തിരുവനന്തപുരം: കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപിയുടെ വഴി തടയൽ പ്രക്ഷോഭത്തിന് ഇന്ന്  തുടക്കം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വഴി തടഞ്ഞാണ് പ്രതിഷേധം നടത്തുക. ഇതിന്‍റെ ഭാഗമായി ഇന്ന് രാവിലെ പതിനൊന്നിന് ചെങ്ങന്നൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, ജി സുധാകരൻ, പി തിലോത്തമൻ എന്നിവരെ ബിജെപി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ റോഡിൽ തടയും.

കെ സുരേന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കള്ളക്കേസിൽ കുടുക്കുകയാണെന്നും മനുഷ്യാവകാശ ലംഘനമാണിതെന്നും ചൂണ്ടിക്കാണിച്ചാണ് ബിജെപിയുടെ വഴി തടയൽ സമരം. പ്രളയബാധിതര്‍ക്ക് സഹകരണ വകുപ്പ് വീട് നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ നൽകുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയായ ഐഎച്ച്ആര്‍ഡി എൻജിനിയറിംഗ് കോളിജിലേക്ക് മാര്‍ച്ചും ബിജെപി നടത്തും.

നേരത്തെ, ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വം സമരം മയപ്പെടുത്തിയതിൽ ബിജെപി ദേശീയ നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. കൂടാതെ, സമരം ശക്തമാക്കാൻ സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിക്കുകയും ചെയ്തു. ഇതോടെ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയാൻ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.

ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലടക്കം സ്വാധീനമുണ്ടാകുന്ന തരത്തില്‍ സമരം ശക്തമാക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും കെ സുരേന്ദ്രന്‍റെ അറസ്റ്റോടെ സമരം തണുത്തുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. വി മുരളീധരനും സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം  മറനീക്കി പുറത്ത് വന്നതും കേന്ദ്ര നേതൃത്വത്തില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം  നടന്ന യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായെന്നാണ് വിവരം. സമരം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റാനുള്ള തീരുമാനവും സമരത്തിന്‍റെ ശക്തി കുറച്ചു. തുടര്‍ന്ന് സമരം തണുത്തുവെന്ന തോന്നല്‍ സര്‍ക്കാറിനും ബിജെപി അണികള്‍ക്കും ഉണ്ടായി. അതിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും ബിജെപിക്ക് തിരിച്ചടിയായി. ഇത് മറികടന്ന് ശബരിമല വിഷയം കൂടുതല്‍ സജീവമായി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി.

Follow Us:
Download App:
  • android
  • ios