തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നാളെ സെക്രട്ടറിയേറ്റ് വളയും. രാവിലെ തുടങ്ങുന്ന ഉപരോധം ഉച്ചവരെ നീളും. സെക്രട്ടറിയേറ്റിന്‍റെ മൂന്ന് ഗേറ്റുകളും സമരക്കാർ ഉപരോധിക്കും. രാവിലെ 10 ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉപരോധം ഉദ്ഘാടനം ചെയ്യും. മുന്നണിയിലെ പ്രമുഖ കക്ഷികളും റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐയും എതിർത്തിട്ടും തോമസ് ചാണ്ടി മന്ത്രിയായി തുടരുന്നത് മുഖ്യമന്ത്രി സംരക്ഷിക്കുന്നതു കൊണ്ടാണ്.
മുഖ്യമന്ത്രിക്ക് തോമസ് ചാണ്ടിയോടുള്ള വിട്ടുവീഴ്ചാ മനോഭാവം എന്താണെന്ന് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യമുന്നയിക്കുന്നു. തോമസ് ചാണ്ടിക്ക് ഭൂമി കയ്യേറാൻ എല്ലാ ഒത്താശയും ചെയ്ത് കൊടുത്ത ശേഷം മന്ത്രിക്കെതിരെ നടത്തുന്ന സമരം നടത്താൻ യുഡിഎഫിന് അവകാശമില്ലെന്നാണ് ബിജെപി വിലയിരുത്തൽ. അതിനാൽ തന്നെ തോമസ് ചാണ്ടിക്കെതിരായ യഥാർത്ഥ സമരം ബിജെപി നടത്തുന്നതാണ്.
