Asianet News MalayalamAsianet News Malayalam

എസ്‍പി യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി പ്രതിഷേധം; പ്രവര്‍ത്തകര്‍ കോലം കത്തിച്ചു

ശബരിമലയിൽ ജോലി ചെയ്യുന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾക്കെതിരെ ഐപിഎസ് അസോസിയേഷൻ രംഗത്തെത്തി. നിയമം നടപ്പാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരെ വ്യക്തിപരമായും ജാതി അടിസ്ഥാനത്തിലും അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് അസോസിയേഷന്‍.

bjp protest against yathish chandra
Author
Thiruvananthapuram, First Published Nov 21, 2018, 7:50 PM IST

തിരുവനന്തപുരം: ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി പ്രതിഷേധം. തിരുവനന്തപുരത്തും തൃശൂരും യതീഷ് ചന്ദ്രയുടെ കോലവുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ യതീഷ് ചന്ദ്രയുടെ കോലം കത്തിച്ചു. തൃശൂരിൽ പ്രതിഷേധകര്‍ കോലവുമായി നഗരത്തിൽ മാർച് നടത്തുകയാണ്. 

ശബരിമലയിലെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു. ഇന്ന് ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എസ്പി അത് അനുവദിച്ചിരുന്നില്ല. അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നായിരുന്നു എസ് പി മന്ത്രിയോട് തിരിച്ച് ചോദിച്ചത്. ഇത് നിഷേധമാണെന്നും കേരളത്തിലെ മന്ത്രിമാരോട് ഇത്തരത്തില്‍ പെരുമാറുമോ എന്നും പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പൊന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. 

അതേസമയം ശബരിമലയിൽ ജോലി ചെയ്യുന്ന ഐപിഎസ് ഉദ്യോഗസ്ഥർക്ക് നേരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ ഐപിഎസ് അസോസിയേഷൻ രംഗത്തെത്തി. നിയമം നടപ്പാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരെ വ്യക്തിപരമായും ജാതി അടിസ്ഥാനത്തിലും അപമാനിക്കാൻ ശ്രമിക്കുകയാണ്. ഉദ്യോഗസ്ഥർക്കെതിരായ ആക്രമങ്ങൾ ചൂണ്ടി കാട്ടി സുപ്രീം കോടതിയെ സമീപിക്കാൻ ആലോചിക്കുന്നതായി അസോസിയേഷൻ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും നല്‍കിയ കത്തില്‍ വ്യക്തമാക്കി

ഈ സാഹചര്യത്തില്‍ സർക്കാർ അടിയന്തരമായി ഇടപെടണം. ജുഡിഷ്യറിയിൽ നിന്ന് നിരന്തരം പരാമർശങ്ങൾ ഉണ്ടാകുന്നുണ്ട്. വ്യക്തിപരമായ അധിഷേപങ്ങൾ നേരിട്ട് ജോലി ചെയ്യുന്നത് ദുസ്സഹമായിരിക്കുന്നു.  മേല്‍കോടതിയെ സമീപിക്കാൻ മുഖ്യമന്ത്രി അടിയന്തരമായ ഇടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. 
 

Follow Us:
Download App:
  • android
  • ios