നിരോധനാജ്ഞ തുടരുന്നതിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ബിജെപി. നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിക്കും. ജില്ലാ കേന്ദ്രങ്ങളിൽ കൂടുതൽ സമരങ്ങൾക്കും ബിജെപി പദ്ധതി. സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച 82 പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു...

നിലയ്‌ക്കല്‍: ശബരിമലയിൽ നിരോധനാജ്ഞ തുടരുന്നതിൽ ബിജെപി ഇന്ന് കൂടുതൽ പ്രതിഷേധവുമായി രംഗത്തെത്തും. ഇതിന്റെ ഭാഗമായി നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്താനാണ് നീക്കം. ഇതിനൊപ്പം ജില്ലാ കേന്ദ്രങ്ങളിൽ കൂടുതൽ സമരങ്ങൾക്കും ബിജെപി തയ്യാറെടുക്കുന്നുണ്ട്. കേരളത്തിൽ പൊലീസ് രാജാണെന്ന് ആരോപിച്ചാണ് സംസ്ഥാന വ്യാപക പ്രതിഷേധത്തിനുള്ള ആഹ്വാനം.

സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച 82 പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നടയടയ്ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സന്നിധാനത്തെ അപ്രതീക്ഷിത പ്രതിഷേധം. പതിനെട്ടാം പടിക്ക് പരിസരത്തും വാവർ നടയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേടിനുള്ളിൽ കടന്നും നാമം വിളിച്ച 89 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി കോട്ടയം ജില്ലാ ട്രഷറർ കെജി കണ്ണൻ അടക്കമുള്ളവര്‍ പിടിയിലായ സംഘത്തിലുണ്ട്.

നിരോധനാജ്ഞ ലംഘിച്ചു, മാർഗ്ഗതടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചുമത്തിയിട്ടുള്ളത്. ഇവരെ പമ്പയിൽ നിന്ന് രണ്ടു ബസുകളിലായി മണിയാർ എ ആർ ക്യാംപിലേക്ക് മാറ്റി. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.