Asianet News MalayalamAsianet News Malayalam

മോദിക്കെതിരായ രാഹുൽഗാന്ധിയുടെ പരാമ‍‍ർശം; വിമർശനവും വിശദീകരണവുമായി ബിജെപി

ഇമ്രാൻഖാന്‍റെയും കോൺഗ്രസിന്‍റെയും പ്രത്യയശാസ്ത്രം സമാനമാണെന്നും രാഹുൽഗാന്ധിയുടെ പരാമ‍ർശത്തോടെ കോൺഗ്രസിന്‍റെ തനിനിറം പുറത്തായെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു

bjp replied to the statement of rahul gandhi against narendra modi
Author
Delhi, First Published Feb 21, 2019, 4:54 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമ‍ർശത്തിൽ വിമർശനവും വിശദീകരണവുമായി ബിജെപി. മോദി രാംനഗറിൽ നടത്തിയത് ഔദ്യോഗിക സന്ദർശനമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഇമ്രാൻഖാന്‍റെയും കോൺഗ്രസിന്‍റെയും പ്രത്യയശാസ്ത്രം സമാനമാണെന്നും രാഹുൽഗാന്ധിയുടെ പരാമ‍ർശത്തോടെ കോൺഗ്രസിന്‍റെ തനിനിറം പുറത്തായെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. കോൺഗ്രസിന്‍റെ മോദി വിരുദ്ധ പരാമർശത്തിൽ ആഹ്ളാദിക്കുന്നത് പാകിസ്ഥാനാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

രാഹുൽ ഗാന്ധി പുൽവാമയിൽ 40 സൈനികർ ജീവത്യാ​ഗം ചെയ്തിട്ടും മോദി സന്തോഷവാനാണെന്ന് ആരോപിച്ചിരുന്നു. സൈനികരുടെ 30,000 കോടി രൂപ മോദി സുഹൃത്തിന് സമ്മാനം നൽകിയതായും ജീവൻ വെടിഞ്ഞ സൈനികരെ രക്തസാക്ഷികളായി പ്രധാനമന്ത്രി പരിഗണിക്കുന്നില്ലെന്നും പറഞ്ഞ രാഹുൽ ഇതാണ് മോദി വിഭാവനം ചെയ്ത പുതിയ ഇന്ത്യയെന്നും പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമ‌ർശനം.

പുല്‍വാമ ആക്രമണ വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിം ഷൂട്ടിംഗില്‍ ആയിരുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് രാഹുലിന്‍റെ ട്വീറ്റ്. കോർബറ്റ് നാഷണൽ പാർക്കിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള ഷൂട്ടിൽ ആയിരുന്നു മോദിയെന്നും വിവരമറിഞ്ഞ നാലു മണിക്കൂർ വരെ ഷൂട്ടിങ്ങ് തുടർന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. അധികാര ദാഹത്താൽ മനുഷ്യത്വം മറന്ന മോദി ജവാൻമാരുടെ ജീവത്യാഗം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണ്. മോദി കപട ദേശീയ വാദിയാണെന്നുമായിരുന്നു കോൺഗ്രസിന്‍റെ ആരോപണം.
 

Follow Us:
Download App:
  • android
  • ios