ദില്ലി: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബിജെപി. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസിന്‍റെ (എഡിആര്‍) റിപ്പോര്‍ട്ടാണ് ഈ കാര്യം വെളിവാക്കുന്നത്. 2015-16 കാലയളവിലെ കണക്ക് പ്രകാരം 894 കോടി രൂപയോളം ആസ്തിയാണ് ബിജെപിക്ക് ഉളളത്. അതേസമയം കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇതേ കാലയളവില്‍ 759 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ ആസ്തി. 

എന്നാല്‍ 329 കോടി രൂപയാണ് കോണ്‍ഗ്രസിന് ബാധ്യതയായി കണക്കാക്കിയത്. അതേസമയം ബിജെപിക്ക് ബാധ്യത വെറും 25 കോടി രൂപ മാത്രമാണ്. 2004-05, 2015-16 വര്‍ഷങ്ങളില്‍ പാര്‍ട്ടികള്‍ വെളിപ്പെടുത്തിയ ആസ്തി സംബന്ധിച്ച കണക്കുകള്‍ പ്രകാരമാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വസ്തുവകകള്‍, പണം, വാഹനം, നിക്ഷേപം, വായ്പകള്‍, പ്രതീക്ഷിത വരുമാനം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ആസ്തി കണക്കാക്കിയത്. 

അതേ സമയം ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളാണ് പ്രധാനമായും ബാധ്യതയായി കണക്കാക്കിയത്. കണക്കിലെടുത്ത 11 വര്‍ഷക്കാലം ബിജെപിയെക്കാള്‍ കോണ്‍ഗ്രസാണ് ഏറ്റവും കൂടുതല്‍ ആസ്തി കൈവശം വെച്ചിരുന്നത്. എന്നാല്‍ 2015ഓടെ ഇതിന് മാറ്റം വന്നു. മൂന്നാം സ്ഥാനത്ത് 557 കോടി രൂപയുടെ ആസ്തിയോടെ ബിഎസ്പി ആണുളളത്. സിപിഎം 432 കോടി രൂപ ആസ്തിയോടെ നാലാം സ്ഥാനത്താണുളളത്.