കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ബിജെപിയുടെ രഥയാത്ര അടുത്തമാസം 8 മുതല്‍‍. കാസര്‍കോട് മധുര്‍ ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി പത്തനംതിട്ടയില്‍ യാത്ര സമാപിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള രഥ യാത്ര നയിക്കും. കണ്ണൂരിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തതോടെയാണ് സമരം ശക്തമാക്കാൻ ബിജെപി തീരുമാനിച്ചത്. 

അതേസമയം, മണ്ഡലകാലത്ത് ശബരിമലയില്‍ 2500 പൊലീസുകാരെ നിയമിക്കാനാണ് സര്‍ക്കാര്‍ നീക്കം. സുരക്ഷാ പ്രശ്നങ്ങള്‍ തടയുന്നതിനായി ശബരിമലയിലേക്ക് വരാനുള്ള പ്രധാന വഴികളെല്ലാം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. തുലാമാസ പൂജ സമയത്ത് നിലയ്ക്കലും പമ്പയിലും സന്നിധാനത്തുമടക്കം അക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്.