തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് അടിച്ച് തകര്‍ത്തത് സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍. സിപിഎം കുന്നുകുഴി കൗണ്‍സിലര്‍ ഐ.പി. ബിനുവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇന്നലെ അര്‍ദ്ധരാത്രി ബിജെപി ഓഫീസ് അക്രമിച്ചത്. പോലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണം.

നമ്പര്‍ പ്ലേറ്റ് മറച്ച് വച്ച ബൈക്ക് കണ്ട് പോലീസ് എത്തി ചോദ്യം ചെയ്തു. കയ്യില്‍ വടിയുമായാണ് സംഘം എത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോലീസ് സംഘം നോക്കി നില്‍ക്കെ ഓഫീസ് അക്രമിച്ച് ജനല്‍ ചില്ലുകളും വാഹനങ്ങളും അടിച്ച് തകര്‍ക്കുകയായിരുന്നു. പൊലീസുകാരനെ അക്രമിക്കുന്ന ദൃശ്യങ്ങളും സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ആക്രമണം നടക്കുമ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സംസ്ഥാന കമ്മറ്റി ഓഫീസിലുണ്ടായിരുന്നു. ആറ് വാഹനങ്ങള്‍ ആക്രമത്തില്‍ തകര്‍ന്നു. ഴിഞ്ഞ ദിവസം ഐപി ബിനുവിന്റെ വീടിന് നേരെ ബിജെപി ആക്രമണം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ബിജെപി ഓഫീസ് ആക്രമണം നടന്നത്. കൂടുതല്‍ അക്രമങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് കനത്ത ജാഗ്രതയിലാണ്.