ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ രണ്ട് ബി.ജെ.പി നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയുടെ അച്ചടക്ക നടപടി. സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ ബി.ജെ.പി ഉത്തര മേഖലാ സെക്രട്ടറി എം.പി രാജനെതിരെയും, ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍ രശ്‍മില്‍ നാഥിനെതിരെയുമാണ് പാര്‍ട്ടി അച്ചടക്ക നടപടി എടുത്തത്. ഇവരെ സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റി.
മെഡിക്കല്‍ കോഴ വിവാദത്തില്‍ പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം ഉഴലുന്നതിനിടെയായിരുന്നു രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെ ആരോപണമുയര്‍ന്നത്. കോഴിക്കോട് കക്കട്ടില്‍ ചെറിയ കൈവേലിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അശ്വന്തില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് 1,40,000 രൂപ തട്ടിയെടുത്തെന്നായിരുന്നു എം.പി രാജനെതിരായ പരാതി. ബംഗളുരുവിലെ സൈനിക പരിശീലക കേന്ദ്രത്തില്‍ പ്രവേശനം ലഭ്യമാക്കാമെന്ന് പറഞ്ഞാണ് പണം തട്ടിയതെന്ന് അശ്വന്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായതായും പരാതിയുണ്ടായിരുന്നു. സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ക്ക് പരാതി കൊടുത്തിട്ടും പരിഹാരമായില്ലെന്നും അശ്വന്ത് ആരോപിച്ചിരുന്നു.
ബാങ്ക് ജോലിക്കുള്ള റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മകന് വേണ്ടി 10 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു രശ്‍മില്‍ നാഥിനെതിരെ മഞ്ചേരി സ്വദേശി പൊലീസില്‍ പരാതി നല്‍കിയത്. ബാങ്ക് ഓഫ് ബറോഡയുടെ മഞ്ചേരി ബ്രാഞ്ച് വഴി രശിമില്‍ നാഥിന്റെ അക്കൗണ്ടിലേക്ക് 10 ലക്ഷം കൈമാറിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കമ്മറ്റി രണ്ടംഗ കമ്മീഷനെ നിയമിക്കുകയും പരാതി സംസ്ഥാന കമ്മിറ്റിയെ അറിയിക്കുകയും ചെയ്തതാണ്. സംസ്ഥാന കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. രണ്ട് പേരെയും തല്‍ക്കാലം സംഘടനാ ചുമതതലകളി നിന്ന് മാറ്റി നിര്‍ത്താനാണ് തീരുമാനം.
