ദില്ലി: ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള വോട്ടെടുപ്പ് നാളെ. ഇതുവരെ പുറത്തുവന്ന അഭിപ്രായ സര്‍വ്വേകളെല്ലാം ബി.ജെ.പിക്ക് തന്നെയാണ് മേല്‍കൈ നല്‍കുന്നത്. 2012ല്‍ നേടിയതിനെക്കാള്‍ കൂടുതല്‍ വാര്‍ഡുകള്‍ പിടിച്ച് ബി.ജെ.പി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍ പ്രവചിക്കുന്നത്.
എ.ബി.പിസി.വോട്ടര്‍ സര്‍വ്വെ പ്രകാരം 272ല്‍ ബി.ജെ.പി 179 വാര്‍ഡുകള്‍ നേടും. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും ആംആദ്മി പാര്‍ടി മൂന്നാംസ്ഥാനത്തുമാകും. എന്നാല്‍ ആപ്പിന് 218 സീറ്റ് കിട്ടുമെന്നാണ് ആംആദ്മി പാര്‍ടിയുടെ സ്വന്തം സര്‍വ്വെ പ്രവചിക്കുന്നത്. ബി.ജെ.പിയുടെ സ്വാധീനം തള്ളിക്കളയുന്നില്ലെന്നും ആപ്പിനെ പുറകിലാക്കി കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നും ദില്ലിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി.സി.ചാക്കോ പറഞ്ഞു.
ദില്ലിയിലെ മൂന്ന് മുനിസിപ്പല്‍ കോപ്പറേഷനുകളിലായി 272 വാര്‍ഡുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക. 2012ലെ തെരഞ്ഞെടുപ്പില്‍ 272ല്‍ 138 ഇടത്ത് ബി.ജെ.പി വിജയിച്ചു. കോണ്‍ഗ്രസ് 77 വാര്‍ഡിലും വിജയിച്ചു. ദില്ലി നിയമസഭയിലേക്ക് രണ്ടാഴ്ച മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ടിക്ക് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല. ബി.ജെ.പിയോട് ശക്തമായി മത്സരിച്ചത് കോണ്‍ഗ്രസായിരുന്നു. അതായിരിക്കും പൊതുചിത്രമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍ പ്രവചിക്കുന്നത്.
അതേസമയം നിലവില്‍ ബി.ജെ.പി ഭരിക്കുന്ന ദില്ലിയിലെ മൂന്ന് മുനിസി്പ്പാലിറ്റികള്‍ക്കെതിരെയും പരാതികളുടെ വലിയ കൂമ്പാരം തന്നെയുണ്ട്. മാലിന്യസംസ്‌കരണം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ബി.ജെ.പി ഭരണം പരാജയമാണെന്ന വിലയിരുത്തലുമുണ്ട്. അതാണ് ആംആദ്മി പാര്‍ടിയുടെ പ്രതീക്ഷ. ഒരു കോടി 32, ലക്ഷം വോട്ടര്‍മാരാണ് ദില്ലിയില്‍ വിധി നിര്‍ണയിക്കുക.
