ദില്ലി: നല്ല പ്രതിച്ഛായയുള്ള ഏതു നേതാവിനേയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് ബിജെപി വ്യക്തമാക്കി. എന്‍ഡിഎയില്‍ 10 പുതിയ പാര്‍ട്ടികളെയെങ്കിലും കൊണ്ടു വരാനുള്ള ചര്‍ച്ചകള്‍ നാളെ തുടങ്ങുന്ന ബിജെപി ദേശീയ നിര്‍വ്വാഹകസമിതി യോഗത്തിലുണ്ടാകും. ഇതിനിടെ ബിജെപി വിരുദ്ധ മുന്നണിയില്‍ ചേരാന്‍ ബിഎസ്പി അദ്ധ്യക്ഷ മായാവതി സന്നദ്ധത അറിയിച്ചു.
2019ല്‍ പാര്‍ട്ടി ദുര്‍ബലമായ കേരളം ഉള്‍പ്പടെ ആറു സംസ്ഥാനങ്ങളില്‍ നിന്ന് 150 എംപിമാരെ നേടാനുള്ള മിഷന്‍ 150 ഭുവനേശ്വറിലെ ബിജെപി നേതൃയോഗം ചര്‍ച്ച ചെയ്യും. മറ്റുപാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ ആകര്‍ഷിക്കുക എന്നതാണ് ഇതിനുള്ള ഒരു വഴിയെന്ന് യോഗത്തെക്കുറിച്ച് വിശദീകരിച്ച പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സമ്മതിച്ചു.
എന്‍ഡിഎ വിപുലീകരണത്തിനുള്ള പ്രാഥമിക ചര്‍ച്ചകളും യോഗത്തിലുണ്ടാവും. ഇപ്പോള്‍ 31 പാര്‍ട്ടികളുള്ള എന്‍ഡിയിലേക്ക് സ്വാധീനമുള്ള 10 പാര്‍ട്ടികളെയെങ്കിലും കൂടുതലായി എത്തിക്കാനാണ് ലക്ഷ്യം. പ്രതിപക്ഷത്തെ വിശാലമുന്നണി നീക്കത്തെ പ്രതിരോധിക്കാനാണ് മോദിയുടെ ശ്രമം.
ഇതിനിടെ ബിജെപി വിരുദ്ധ വിശാല മുന്നണിയില്‍ ചേരാന്‍ തയ്യാറെന്ന സൂചന ബിഎസ്പി അദ്ധ്യക്ഷ മായാവതി നല്‍കി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുമ്പ് അത്തരമൊരു മുന്നണിക്കുള്ള കോണ്‍ഗ്രസ് നീക്കം ബിജെപി നേതൃ യോഗം ചര്‍ച്ച ചെയ്യും.
