മരണത്തിന് പിന്നില്‍ ത്രിണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബിജെപി

വെസ്റ്റ് ബംഗാള്‍: വെസ്റ്റ് ബംഗാളിലെ പുരലിയ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകനെ ഇലക്ട്രിക് ടവറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ധാബ വില്ലേജിലെ ദുലാല്‍ കുമാറിനെ(30) ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ദുലാലിന്‍റെ മരണത്തിന് പിന്നില്‍ ത്രിണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബിജെപിയുടെ ആരോപണം. ബംഗാളില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ആഴ്ച ബാലറാംപുരില്‍ 18 വയസുകാരനായ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണി മുതല്‍ ദുലാലിനെ കാണാനില്ലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് ദുലാലിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ദുലാലിന്‍റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്‍റെ നിഗമനം. ദുലാലിന്‍റെ മരണത്തില്‍ തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് ദേരക് ഓബ്രിയന്‍ അനുശോചിച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.