'ദുരന്തമായിപ്പോയി മുരളിയേട്ടന്'‍, നടികളെ പിന്തുണച്ച വി മുരളീധരന് ബിജെപി പ്രവര്‍ത്തകരുടെ പൊങ്കാല
തിരുവനന്തപുരം: താര സംഘടനയായ "അമ്മയില് നിന്ന് രാജിവച്ചെന്ന നാല് നടികളുടെ പ്രഖ്യാപനത്തെ പിന്തുണച്ച് അവള്ക്കൊപ്പം എന്ന ഹാഷ് ടാഗില് ഫേസ്ബുക്കില് പോസ്റ്റിട്ട വി മുരളീധരന് എംപിക്ക് സ്വന്തം അണികളുടെ വക പൊങ്കാല. സാധാരണ ഗതിയില് മറ്റ് പാര്ട്ടിയിലുള്ളവരാണ് ഫേസ്ബുക്കില് പൊങ്കാലയിടാറുള്ളതെങ്കില് ഇത്തവണ സ്വന്തം അണികള് തന്നെയാണെന്നതാണ് ശ്രദ്ധേയമായ കാര്യം. താരസംഘടനയായ അമ്മയില് നിന്നും രാജിയറിയിച്ച ഭാവന, ഗീതു മോഹന്ദാസ്, റിമ കല്ലിങ്കല്, രമ്യ നമ്പീശന് എന്നിവര്ക്ക് പിന്തുണയറിയിച്ചായിരുന്നു വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല് ഇതിനെതിരെ ബിജെപിക്കാര് തന്നെ രംഗത്തെത്താനുള്ള കാരണം മറ്റൊന്നാണ്.
കണ്ണൂരിലെ യുവമോര്ച്ച നേതാവായിരുന്ന ലസിത പാലക്കലിനെതിരെ തരികിട സാബു രംഗത്തെത്തിയപ്പോള് പ്രതികരിക്കാത്തതെ സിനിമാ നടിയുടെ വിഷയത്തില് പ്രതികരിച്ചതാണ് അണികളെ പ്രകോപിപ്പിച്ചത്. ലസിത പാലക്കലിനെതിരെ ലൈംഗിക ചുവയുള്ള രീതിയില് സാബു പോസ്റ്റിട്ടിരുന്നു. ആ സമയത്ത് ലസിതയെ പരസ്യമായി പിന്തുണയ്ക്കാന് നേതാക്കള് തയ്യാറായിരുന്നില്ല. സാമൂഹ്യ വിഷയത്തില് മാത്രമേ ഫേസ്ബുക്കില് പ്രതികരിക്കാറുള്ളൂ എന്നായിരുന്നു അന്ന് മുരളീധരന് പറഞ്ഞത്. അവള്ക്കൊപ്പം എന്ന ഹാഷ് ടാഗില് പ്രതികരണമെത്തിയതുമുതല് രൂക്ഷ പ്രതികരണമായിരുന്നു അണികള് നടത്തിയത്. വരുന്ന കമന്റുകള് ലൈവായി ഡിലീറ്റു ചെയ്യുന്നതും കാണാമായിരുന്നു. എന്നാല് ആര്ക്കും വിടാന് ഉദ്ദേശമുണ്ടായിരുന്നില്ല. നിരന്തരം കമന്റുകള് വന്നുകൊണ്ടേയിരുന്നു.

കൂടുതലൊന്നും പറയേണ്ടെന്നും നമ്മുടെ സഹോദരി ലസിതയെ വിളിച്ചപ്പോള് പൊങ്ങാത്ത വാളൊന്നും ഇപ്പൊ പൊക്കണ്ടെന്നായിരുന്നു ചിലര് പറഞ്ഞത്. സമാനമായ പോസ്റ്റില് സിനിമാ നടി അല്ല, വെറും ഒരു സ്ത്രീയല്ലേ, അതുകൊണ്ടാവാം എന്നായിരുന്നു ലസിത പാലക്കന്റെ കുറിപ്പ്. ലസിതയെ പിന്തുണയ്ക്കാതെ ഇപ്പോള് സിനിമാ നടിയെ പിന്തുണയ്ക്കുന്നത് പബ്ലിസിറ്റിക്കാണെന്നും ചിലര് ആരോപിക്കുന്നു.
വി മുരളധീരന്റെ കുറിപ്പ് ഇങ്ങനെ
മലയാളചലച്ചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നും നടി ഭാവനയും മറ്റു മൂന്ന് അഭിനേത്രികളും രാജിവയ്ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായ ഒന്നാണ്.
മോഹൻലാൽ എന്ന മഹാനായ നടൻ അമ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ സുപ്രധാന തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനായിരുന്നു എന്നത് ദൗർഭാഗ്യകരമാണ്. ശ്രീ മോഹൻലാലിൻറെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കം വരുത്തിയ തീരുമാനമായിരുന്നു അത്.
ശ്രീമതി ഭാവന എഴുതിയ രാജിക്കത്ത് കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളത് കൊണ്ട് അക്കാര്യത്തിൽ ഒരു അഭിപ്രായപ്രകടനത്തിന് മുതിരുന്നില്ല.
മലയാളികളുടെ ജനാധിപത്യബോധത്തിനുള്ള
വെല്ലുവിളിയാണ് അമ്മയിൽ നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങൾ. എല്ലാവരും തുല്യർ എന്ന ജനാധിപത്യ സങ്കല്പത്തിന് പകരം ചിലർ മറ്റുള്ളവരെക്കാൾ വലിയവർ എന്ന സ്ഥിതിയാണ് അമ്മയിൽ നിലനിൽക്കുന്നത് എന്നാണ് സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.
അമ്മയുടെ ജനാധിപത്യസ്വഭാവം നിലനിർത്താൻ
അധ്യക്ഷനെന്ന നിലയിൽ ശ്രീ മോഹൻലാൽ മുൻകൈ എടുക്കണമെന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളിൽ ഒരാൾ എന്ന നിലയിൽ എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.
