ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം സിപിഐഎം പ്രവര്‍ത്തകരുടെ വീട് ആക്രമിച്ച കേസില്‍ അറസ്റ്റിലായവരുടെ ദൃശ്യം പകര്‍ത്തിയതിനാണ് ആര്‍എസ്എസ്സുകാര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. 

നെല്ലായയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീട് ആക്രമിച്ച കേസിലെ പ്രതികളായ ആറ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തരെ ഇന്നാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളുടെ ചിത്രം പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ കോടതിവളപ്പിലെത്തി. ഇതില്‍ ക്ഷുഭിതരായ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരോട് തിരിച്ചറിയല്‍ രേഖ ചോദിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ശ്യാംകുമാറിന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ച ഇവര്‍ പ്രാദേശിക ചാനലിന്റെ ക്യാമറയും അടിച്ചുതകര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രതിനിധി ശ്രീജിത്ത്, ഡെന്‍ സിറ്റി ചാനല്‍ ക്യമറാമാന്‍ അനൂപ് എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. സംഭവത്തില്‍ മൂന്ന് പേരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.