ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രസം​ഗിച്ചുകൊണ്ടിരിക്കെ പരിഹസിച്ച് ചുമച്ച ബി ജെ പി പ്രവർത്തകർക്ക് താക്കീത് നൽകി ​കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. ക്ലീൻ യമുന പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ദില്ലി ജല ബോർഡും ക്ലീന്‍ ഗംഗ നാഷണല്‍ മിഷനും സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം നടന്നത്. നിശബ്ദരായിരിക്കാൻ കെജ്‌രിവാള്‍ ആവശ്യപ്പെട്ടെങ്കിലും ബി ജെ പി പ്രവർത്തകർ ചുമ തുടരുകയായിരുന്നു. ഇതോടെ വേദിയിലുണ്ടായിരുന്ന ഗഡ്കരി ഇടപെടുകയും പ്രവർത്തകരോട് ശാന്തരാകാൻ ആവശ്യപ്പെടുകയും ചെയ്തു.

ഏറെക്കാലമായി ചുമകാരണം ബുദ്ധിമുട്ടുന്ന ആളാണ് കെജ്‌രിവാള്‍. അതിന്റെ ഭാ​ഗമായി  2016ല്‍ അദ്ദേഹം ഒരു സർജറിക്ക് വിധേയനാകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ പ്രസംഗത്തിനിടെ ബി ജെ പി പ്രവർത്തകർ പരിഹസിച്ച് ചിരിച്ചത്. മിണ്ടാതിരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്ത പ്രവർത്തകരോട് ‘ബഹളമുണ്ടാക്കാതെ ഇരിക്കൂ, ഇത് ഔദ്യോഗിക പരിപാടിയാണ്’ എന്ന് പറഞ്ഞ് പ്രവർത്തകരെ ഗഡ്കരി ശാസിക്കുകയായിരുന്നു.

ശേഷം പ്രസം​ഗം തുടർന്ന കെജ്‌രിവാള്‍ എതിർ പാർട്ടിയിൽ നിന്നുള്ള അളാണെന്ന തോന്നൽ നിതിന്‍ ഗഡ്കരി നമ്മളില്‍ ഉണ്ടാക്കാറില്ലെന്ന് അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചു. മറ്റുള്ളവരെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം കാണിക്കുന്ന സ്നേഹം ബി ജെ പി പ്രവർത്തകർക്ക് പോലും ലഭിച്ചിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേർത്തു.