ഓഖി ചുഴലിക്കാറ്റ് ഇന്ന് അർദ്ധരാത്രിയോടെ ഗുജറാത്ത് തീരത്തെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ കനത്ത മഴ തുടരുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്ക് ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. കനത്ത മഴയെ തുടര്‍ന്ന് ഗുജറാത്തിൽ അമിത് ഷായുടെ റാലികൾ മാറ്റി വച്ചു.
മണിക്കൂറില്‍ 70 കിലോമീറ്റർ വേഗതയില്‍ ഓഖി ഗുജറാത്തിന്‍റെ തീരത്തടുക്കുന്നത്.വേഗത കുറഞ്ഞതോടെ ഓഖി അതി തീവ്രവിഭാഗത്തില്‍ നിന്നും തീവ്രവിഭാഗത്തിലേക്ക് മാറി. ചുഴലിക്കാറ്റില്‍ ഏതെങ്കിലും തരത്തിലുള്ള അടിയന്തരാവസ്ഥയുണ്ടായാൽ നേരിടാൻ മഹാരാഷ്ട്ര സർക്കാർ മുൻ കരുതലെടുത്തിരുന്നു. മുബൈയില്‍ മഴ കനത്തതോടെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ഓഖി ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ഗുജറാത്തിൽ ചുഴലിക്കാറ്റുണ്ടായാൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും മോദി ട്വീറ്റ് ചെയ്തു. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.
മറ്റൊരു ചുഴലിക്കാറ്റിനു സാധ്യതയുമായി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടത് ആശങ്കയുണ്ടാക്കുന്നണ്ട്. ആൻഡമാനിൽ നിന്നു ബംഗാൾ ഉൾക്കടൽ തീരത്തെത്തിയ ന്യൂനമർദം വരുംദിവസങ്ങളിൽ ശക്തിപ്പെട്ടു ബുധനാഴ്ച തമിഴ്നാട്, ആന്ധ്ര തീരത്തെത്തും. ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
