ഗാന്ധിനഗര്‍: രാഹുല്‍ ഗാന്ധിയെ ആക്രമിച്ച കേസില്‍ ബിജെപി പ്രദേശിക നേതാവ് അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് ഗുജറാത്തിൽ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടന്നത്. ബാനസ്കന്ദയിൽ വെള്ളപ്പൊക്ക മേഖലയില്‍ വെച്ച് സിമന്റ് കട്ട ഉപയോഗിച്ച് വാഹനങ്ങൾക്ക് നേരെ എറിയുകയായിരുന്നു.

യുവമോര്‍ച്ചയുടെ ബാനസ്കന്ദ ജില്ല ജനറല്‍ സെക്രട്ടറി ജയേഷ് ധര്‍ജിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ കോണ്‍ഗ്രസ് ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി ഒന്നും പറയാത്തതില്‍ അത്ഭുതമില്ലെന്നും രാഹുല്‍ ഗാന്ധി നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

തനിക്കെതിരെയാണ് വലിയ സിമന്‍റ് കട്ട ബിജെപി പ്രവര്‍ത്തകന്‍ എറിഞ്ഞത്, എന്നാല്‍ എന്‍റെ സുരക്ഷ ഉദ്യോഗസ്ഥനാണ് പരിക്കുപറ്റിയത്, ആര്‍എസ്എസും, ബിജെപിയും അവരുടെ രീതിയിലുള്ള രാഷ്ട്രീയമാണ് പ്രയോഗിച്ചത്. അതിനാലാണ് ഈ ആക്രമണത്തെ അവര്‍ അപലപിക്കാത്തത് എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാഹുലിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്‍റിന് മുന്നില്‍ രാഹുലിനെ എറി‌ഞ്ഞ സിമന്‍റ് കട്ടകളുമായി പ്രതിഷേധം നടത്തി.