ബെംഗളൂരു: നടന്‍ പ്രകാശ് രാജ് പങ്കെടുത്ത പരിപാടി നടന്ന സ്ഥലം ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ച് വൃത്തിയാക്കി. തീരദേശ കര്‍ണ്ണാടകയിലെ സിര്‍സിയിലെ രാഘവേന്ദ്ര മുറ്റിലായിരുന്നു പരിപാടി.ഇടതുപക്ഷ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രകാശ് രാജ് സംസാരിച്ചത്.
പ്രസംഗത്തിനിടെ പ്രകാശ് രാജ് ഉത്തര കന്നഡ എംപിയും കേന്ദ്ര മന്ത്രിയുമായ അനന്ദ് കുമാര്‍ ഹെഡ്ജിനെ വിമര്‍ശിച്ചിരുന്നു. ഇതാണ് ബിജെപി യുവ മോര്‍ച്ച പ്രവര്‍ത്തകരെ ക്ഷോഭിപ്പിച്ചത്. ഇതേതുടര്‍ന്ന് പരിപാടി നടന്ന സ്ഥലവും പ്രകാശ് രാജ് സംസാരിച്ച വേദിയും സക്രാംന്തി ദിവസം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ച് വൃത്തിയാക്കുകയായിരുന്നു.
തങ്ങളുടെ മതപരമായ സ്ഥലങ്ങളെ സ്വയം പ്രഖ്യാപിത ബുദ്ധിജീവികള്‍ അശുദ്ധമാക്കുന്നെന്ന് യുവ മോര്‍ച്ച പ്രവര്‍ത്തകരുടെ സിറ്റി യൂണിറ്റി ഹെഡ് വിശാല്‍ മറാത്തെ പറഞ്ഞു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയും ബീഫ് കഴിക്കുന്നതിനെ അനുകൂലിക്കുകയും ചെയ്യുന്നവര്‍ തങ്ങളുടെ സന്ദര്‍ശനം കൊണ്ട് സിര്‍സി ടൗണ്‍ മലിനമാക്കിയെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ പശുമൂത്രം ഉപയോഗിച്ച് താന്‍ സംസാരിച്ച വേദിവരെ ശുദ്ധീകരിച്ച പ്രവര്‍ത്തിക്കെതിരെ പ്രകാശ് രാജ് ട്വിറ്ററിലൂടെ പ്രതികരിച്ചു. താന്‍ എവിടെ പോയാലും ശുദ്ധീകരണ പ്രവര്‍ത്തികളുമായി പുറകേ വരുമോയെന്നാണ് പ്രകാശ് രാജ് വാര്‍ത്ത സഹിതം പോസ്റ്റ് ചെയ്ത ചോദിച്ചത്.
