മെഡിറ്ററേനിയന്‍ കടലില്‍ അവശിഷ്ടങ്ങള്‍ക്കായി തെരച്ചില്‍ നടത്തുന്ന ഫ്രഞ്ച് കപ്പല്‍ ലാപ്ലേസ് ആണ് ഒരു ബ്ലാക് ബോക്‌സില്‍ നിന്നുള്ള സിഗ്‌നലുകള്‍ തിരിച്ചറിഞ്ഞത്. ഇതോടെ പ്രദേശത്തെ തെരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. സിഗ്‌നല്‍ ലഭിച്ച പ്രദേശത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ കടലില്‍ ഫ്രഞ്ച് അന്വേഷണ സംഘം തെരച്ചില്‍ നടത്തുന്നത്. കടലിനടിയില്‍ മൂവായിരം മീറ്റര്‍ ആഴത്തില്‍ തെരച്ചില്‍ നടത്താന്‍ ശേഷിയുള്ള റോബോട്ടുകള്‍ ഘടിപ്പിച്ച കപ്പല്‍ അടുത്താഴ്ച എത്തും. ഇതോടെ ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കഴിഞ്ഞയാഴ്ച ബ്ലാക് ബോക്‌സില്‍ നിന്നുള്ള സിഗ്‌നലുകള്‍ കിട്ടിയെന്ന് ഈജിപ്ഷ്യന്‍ അന്വേഷണ സംഘം അവകാശപ്പെട്ടിരുന്നുവെങ്കിലും പിന്നീട്ട് അത് തിരുത്തിയിരുന്നു. എന്തായാലും ഫ്രഞ്ച് സംഘത്തിന് കിട്ടിയ സിഗ്‌നലുകള്‍ വഴി ബ്ലാക് ബോക്‌സിലേക്ക് പെട്ടെന്ന് എത്തി ചേരാം എന്ന പ്രതീക്ഷയിലാണ് വിമാനക്കന്പനി അധികൃതര്‍. ബ്ലാക് ബോക്‌സ് കിട്ടിയാല്‍ മാത്രമെ അപകട കാരണം അറിയാന്‍ കഴിയുകയുള്ളു. കഴിഞ്ഞ മാസം പത്തൊമ്പതിനാണ് ഈജിപ്ത് എയറിന്റെ വിമാനം എ 320 പാരീസില്‍ നിന്ന് കെയ്‌റോയിലേക്കുള്ള യാത്രയ്ക്കിടെകടലില്‍ തകര്‍ന്നു വീണത്.