തിരുവനന്തപുരം: വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളിലൂടെ കുപ്രസിദ്ധമായ തിരുവനന്തപുരത്തെ ലോ അക്കാദമിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍. ലോ അക്കാദമി കള്ളപ്പണം വെളുപ്പിച്ചതായാണ് പുതിയ ആരോപണം. നോട്ട് അസാധുവാക്കലിന് ശേഷം സഹകരണ ബാങ്കില്‍ ലോ അക്കാദമി രണ്ടേകാല്‍ കോടി രൂപയാണ് നിക്ഷേപിച്ചത്. പേരൂര്‍ക്കട സഹകരണ ബാങ്കില്‍ രണ്ടു അക്കൗണ്ടുകളിലായാണ് ലോ അക്കാദമി പണം നിക്ഷേപിച്ചത്. നവംബറില്‍ ഒരു അക്കൗണ്ടില്‍ 73 ലക്ഷം രൂപയും ഡിസംബര്‍ 30ന് മറ്റൊരു അക്കൗണ്ടില്‍ ഒന്നര കോടിയുമാണ് നിക്ഷേപിച്ചത്. കോളേജിന്റെ സുവര്‍ണ്ണ ജൂബിലി സംബന്ധമായ പരിപാടികളുടെ നടത്തിപ്പിനായി പിരിച്ച പണമാണ് ഇതെന്നാണ് മാനേജ്മെന്റ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ കോളേജ് അധികൃതര്‍ ഇത്തരമൊരു പണപ്പിരിവ് നടന്നിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ആദായനികുതി വകുപ്പിന് ഇതേക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ഉടന്‍ അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന.