കോട്ടയം: ആശങ്കയും ദുരൂഹതയും ബാക്കിവെച്ച് ജില്ലയിലെ വീടുകളുടെ ചുവരുകളിലും ജനല്‍ച്ചില്ലുകളിലും കറുത്ത സ്റ്റിക്കര്‍ വ്യാപിക്കുന്നു. നഗരപരിധിക്കുള്ളിലും പാമ്പാടിയിലുമായി എട്ട് വീടുകളിലാണ് ഇതുവരെ സ്റ്റിക്കര്‍ പതിഞ്ഞത്. മണിപ്പുഴകവലയില്‍ ബല്‍മണ്ട് സ്‌കൂളിന് സമീപത്തുള്ള വീട്ടിലാണ് ഇന്ന് രാവിലെ സ്റ്റിക്കര്‍ കാണപ്പെട്ടത്. സംഭവത്തെക്കുറിച്ച് ചിങ്ങവനം പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടും വീണ്ടും പലസ്ഥലങ്ങളിലും സംഭവം ആവര്‍ത്തിക്കുന്നത് നാട്ടുകാരില്‍ ഭീതി പടര്‍ത്തുന്നു. 

സമീപകാലത്തൊന്നും പോലീസിന്റെ പരിഗണനയില്‍ വന്നിട്ടില്ലാത്ത അപൂര്‍വ പ്രതിഭാസമാണ് ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. പകലും രാത്രിയും വ്യത്യാസമില്ലാതെ ആളൊഴിഞ്ഞ വീടുകളിലും ആള്‍പാര്‍പ്പുള്ളയിടങ്ങളിലും അജ്ഞാതര്‍ വ്യാപകമായി കറുത്ത സ്റ്റിക്കര്‍ പതിച്ച് കടന്നു കളയുന്നു. സെക്യൂരിറ്റി സംവിധാനങ്ങളുള്ള ഫ്‌ളാറ്റുകളില്‍ പോലും ഇത്തപത്തില്‍ സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമങ്ങളില്‍ നിന്നുള്ള ചിലര്‍ അടയാളം വെച്ചും സ്റ്റിക്കര്‍ പതിച്ചും മോഷണം നടത്തുന്ന പതിവുണ്ടെന്ന് തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന പോലീസിനെ അറിയിച്ചിരുന്നു. 

പക്ഷേ ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ സ്വീകരിച്ചിരുന്ന മാര്‍ഗമാണ്. സമീപകാലത്ത് ഇത്തരം ശൈലി തിരുട്ടുസംഘങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അവര്‍ ധരിപ്പിച്ചിരുന്നു. മോഷണമാണ് ഉദ്ദേശമെങ്കില്‍ ഇത്രയും സമയമെടുത്ത് സ്റ്റിക്കര്‍ പതിക്കുന്നതിനിടെ തന്നെ അക്കാര്യം സാധിക്കാന്‍ അവര്‍ക്ക് കഴിയും. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സംശയം ബാക്കിയാവുന്നുണ്ട്. ആളൊഴിഞ്ഞ വീടുകളില്‍ മാത്രമേ ഇത്തരം അടയാളങ്ങള്‍ക്ക് പ്രസക്തിയുള്ളു.

എന്നാല്‍ ആള്‍താമസമുള്ള വീടുകളിലും സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടെന്നുള്ളത് പോലീസിനെ കുഴയ്ക്കുന്നു. ബ്ലൂവെയില്‍ മാതൃകയിലുള്ള ഏതെങ്കിലും ഓണ്‍ലൈന്‍ ഗെയിമുകളിലെ ടാസ്‌കുകളുടെ ഭാഗമാണോ ഇതെന്നുള്ള സംശയവും പോലീസ് തള്ളിക്കളയുന്നില്ല. ഇരുനില വീടുകളുടെ ജനാലയില്‍ കയറിയാണ് സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. അതേസമയം ഒരു സ്ഥലത്ത് സ്റ്റിക്കര്‍ പതിച്ച് പോലീസിന്‍െ്‌റ ശ്രദ്ധ തിരിച്ച് വന്‍ മോഷണത്തിനുള്ള പദ്ധതിയാണോ എന്നും അന്വേഷണം നടക്കുന്നുണ്ട്. ആളില്ലാത്ത വീടുകള്‍ക്ക് സമീപം സംശയാസ്പദമായി കണ്ടെത്തുന്നവരെ കസ്റ്റഡിയിലെടുക്കാനാണ് പോലീസ് നീക്കം. സ്റ്റിക്കര്‍ പതിച്ച വീടുകളിലുള്ളവരെ വിളിച്ചു വരുത്തി കൂടുതല്‍ വ്യക്തത വരുത്താനും തീരുമാനമുണ്ട്.