കോഴിക്കോട്: ജനങ്ങളെ ഭീതിയിലാഴ്ത്തി, കോഴിക്കോട്ടും കറുത്ത സ്റ്റിക്കർ. അത്തോളി സ്വദേശി ഫിറോസിന്റെ വീട്ടിലാണ് സ്റ്റിക്കര്‍ കണ്ടത്. പോലീസ് അന്വേഷണം തുടങ്ങി. വീട്ടിന്‍റെ വലതുഭാഗത്തുള്ള ജനലിലും, മെയിന്‍സ്വിച്ചിലുമാണ് കറുത്ത സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. ഉച്ചയോടെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. സമാന സംഭവം പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തതിനാൽ അത്തോളി പോലീസിനെ വിവരം അറിയിച്ചു.

2 ദിവസം മുമ്പ് ഇതരസംസ്ഥാനക്കാരായ 2 പേർ വസ്ത്രങ്ങൾ വിൽക്കാൻ എത്തിയിരുന്നതായി വീട്ടുകാർ പറയുന്നു. അപചിതരായ മാറ്റാരും അടുത്തെങ്ങും വീട്ടിലെത്തിയിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. കറുത്ത സ്റ്റിക്കർ പതിച്ച വീടുകളിൽ മോഷണം നടക്കാനും, കുട്ടികളെ തട്ടിക്കൊണ്ടു പോകാനും സാധ്യതയുണ്ടെന്ന പ്രചരണം സമൂഹമാധ്യമങ്ങളിലും ശക്തമാണ്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അത്തോളി പോലീസ് അന്വേഷണം തുടങ്ങി.