കൊച്ചിൻ റിഫൈനറിയിലെ വൈദ്യുതപ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ തൊഴിലാളി മരിച്ചു. പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെയാണ് റിഫൈനറിയിലെ വൈദ്യുതി സബ്സ്റ്റേഷനിൽ പൊട്ടിത്തെറിയുണ്ടായത്.
ബിപിസിഎൽ എണ്ണ ശുദ്ധീകരണ ശാലയിലെ കരാർ തൊഴിലാളിയായ പുത്തൻകുരിശ് സ്വദേശി അരുൺ ഭാസ്കരനാണ് മരിച്ചത്. ബിപിസിഎൽ വൈദ്യുത പ്ലാന്‍റിൽ ഇന്നലെ രാവിലെയുണ്ടായ പൊട്ടിത്തെറിയിൽ അരുണിന് 90 ശതമാനം പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയിൽ മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ മുളന്തുരുത്തി സ്വദേശി വേലായുധൻ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്ലാന്‍റിലെ വൈദ്യുതി പ്ലാന്‍റിലെ ടർബൈനോട് ചേർന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. ഉടൻ തന്നെ വലിയ തോതിൽ തീപടർന്നു. കറുത്ത പുക ഉയർന്നത് പ്രദേശമാകെ പരിഭ്രാന്തി പടർത്തി. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. സംഭവത്തെക്കുറിച്ച് ജില്ലാ കലക്ടർ ബി പി എസ് എൽ അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസും അന്വേഷണവും പുരോഗമിക്കുകയാണ്.
