തൃശൂര്‍: തൃശൂര്‍ പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം ഒഴിവായത് തലനാരിഴക്ക്. സ്പിരിറ്റ് ഉള്‍പ്പെടെയുളള തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്ന ഭാഗത്ത് പൊട്ടിത്തെറിയുണ്ടായി. വെല്‍ഡിംഗ് തൊഴിലാളി പ്രേമന് പരുക്കേറ്റു. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന തുടങ്ങി.
ഉച്ചയ്ക്കു ശേഷം രണ്ടുമണിക്കാണ് സംഭവം.പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ വെല്‍ഡിംഗ് ജോലി പുരോഗമിക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. സ്റ്റേഷനിലെ തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീപ്പൊരി തെറിച്ചതാണ് അപകടത്തിന് കാരണമായത്. ഇവിടെ നിരവധി കന്നാസുകളിലായി സ്പിരിറ്റ് ഉള്‍പ്പെടെയുളള വസ്തുക്കള്‍ സൂക്ഷിച്ചിരുന്നു.
സ്‌ഫോടകവസ്തു രണ്ടുതവണ പൊട്ടിത്തെറിച്ചു. തീപ്പൊരി സ്പിരിറ്റ് കന്നാസില്‍ വീഴാത്തതു മൂലം വലിയ അപകടം ഒഴിവായി. വെല്‍ഡിംഗ് ജോലികള്‍ ചെയ്തുകൊണ്ടിരുന്ന പ്രേമന് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
