പഞ്ച്കുള: സര്‍വ സൗഭാഗ്യങ്ങളും കൂട്ടിനുണ്ടായിരുന്ന, ആഡംബര ജീവിതം നയിച്ച ആള്‍ദൈവമല്ല ഇന്ന് ഗുര്‍മീത് റാം റഹീം സിങ്. ജയിലില്‍ പച്ചക്കറികള്‍ക്ക് വെള്ളമൊഴിച്ച് 20 രൂപ കൂലി വാങ്ങിക്കുന്ന ഒരു സാധാരണ തടവു പുള്ളിയാണ്. 

അനുയായികളെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദേര സച്ച സൗദ തലവന്റെ പുതിയ ജോലി പച്ചക്കറി കൃഷി പരിചരിക്കലാണ്. ജയില്‍ ഡി.ജി.പി കെ.പി. സിങ് ഹിന്ദുസ്ഥാന്‍ ടൈംസില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

ഗുര്‍മീത് എന്നും രാവിലെ മുതല്‍ പച്ചക്കറി കൃഷിക്ക് വെള്ളമൊഴിക്കുകയും പരിചരിക്കുകയും ചെയ്യും. പ്രത്യേക പരിശീലനം ലഭിക്കാത്ത തൊഴിലാളികളുടെ ഗണത്തിലാണ് ഗുര്‍മീതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 20 രൂപയാണ് പ്രത്യേക കഴിവുകളില്ലാത്ത ജോലിക്കാര്‍ക്ക് ലഭിക്കുന്ന ദിവസവേതനം-ജയില്‍ ഡി.ജി.പി പറഞ്ഞു.

പ്രത്യേക പരിശീലനം ആവശ്യമായ ജോലികള്‍ ചെയ്യാന്‍ തനിക്ക് അറിയാമെന്ന് അറിയിച്ചെങ്കിലും ജയിലില്‍ ഗുര്‍മീതിന് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഈ ജോലി മാത്രമാണ് ചെയ്യാന്‍ അനുവദിക്കുന്നത്. ജോലിയുടെ കാര്യത്തില്‍ മാത്രമല്ല ഗുര്‍മീതിന് നിയന്ത്രണമുള്ളത്. ടി.വി. കാണാനോ പത്രം വായിക്കാനോ ഗുര്‍മീതിന് ജയിലില്‍ അനുമതിയില്ല. ജയിലില്‍ നിന്ന് പുറത്തേക്ക് ഫോണ്‍ കോള്‍ ചെയ്യാനും ഗുര്‍മീതിന് സാധിക്കില്ല. 

ഒരു ദിവസം 3175 കലോറിയിലധികം ഭക്ഷണവും ഗുര്‍മീതിന് നല്‍കില്ല. ഇതില്‍ 250 ഗ്രാം പാല് രണ്ട് ബ്രഡ് എന്നിവയാണ് പ്രഭാത ഭക്ഷണം. ഉച്ചഭക്ഷണത്തിന് മുമ്പ് 7 ചപ്പാത്തിയും ഇലക്കറിയും നല്‍കും. രാത്രി ഭക്ഷണത്തിന് മുമ്പ് വൈകുന്നേരം ഒരു ചായയും ഗുര്‍മീതിന് ലഭിക്കും. എല്ലാ ജയില്‍ പുള്ളികള്‍ക്കും നേരത്തെ നിശ്ചയിച്ചത് പ്രകാരമുള്ള ഭക്ഷണം മാത്രമാണ് നല്‍കുന്നതെന്നും ഡി.ജി.പി പറഞ്ഞു. 

ആയിരം കോടയിലധികം ആസ്തിയുള്ള ഗുര്‍മീതിന് 5000 രൂപയില്‍ കൂടുതല്‍ കൈവശം വയ്ക്കാനും സാധിക്കില്ല. ജയിലില്‍ ഉപയോഗിക്കാവുന്ന ഇ-പണമാണ് കൈവശം വയ്ക്കാനാവുക. ഇതുപയോഗിച്ച് കാന്റീനില്‍ നിന്ന് പഴങ്ങളും ആവശ്യമായവയ ഭക്ഷണ പദാര്‍ത്ഥങ്ങളും വാങ്ങാന്‍ അനുമതിയുണ്ട്. ഭഗവത് ഗീത മാത്രമാണ് വായിക്കാനായി ആവശ്യപ്പെട്ടതെന്നും ഡി.ജി.പി പറഞ്ഞു.