തീയേറ്റർ പീ‍ഡനത്തെ ന്യായീകരിച്ച പോസ്റ്റ് പിന്‍വലിച്ച് തടിതപ്പി പീഡനത്തെ നിസ്സാരവല്‍ക്കരിച്ച് പിന്നെയും പോസ്റ്റ്

പിഞ്ചുബാലികയെ തീയേറ്ററിൽ പീഡിപ്പിച്ച ഹീനമായ കുറ്റകൃത്യത്തെ 'മൊയ്തീൻ കുട്ടി കിട്ടിയ അവസരം ആസ്വദിക്കുകയാണ് ചെയ്തത്' എന്നായിരുന്നു 'ഓൺലൈൻ ആക്ടിവിസ്റ്റ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന കെ.പി.സുകുമാരൻ ന്യായീകരിച്ചത്. അങ്ങോട്ടുപോയി പീഡിപ്പിക്കുകയോ പീഡിപ്പിക്കാൻ വിളിച്ചുവരുത്തുകയോ അല്ലായിരുന്നു, സ്വമനസ്സാലെ മകളുമൊത്ത് മാതാവ് തീയേറ്ററിൽ വന്നതാണ്, സിസിടിവി ഇല്ലായിരുന്നെങ്കിൽ സമൂഹത്തിന് കല്ലെറിയാൻ മൊയ്തീൻ കുട്ടിയെ ലഭിക്കില്ലായിരുന്നു എന്നിങ്ങനെയായിരുന്നു കെ.പി.സുകുമാരന്‍റെ ന്യായവാദങ്ങൾ. പോസ്റ്റ് വിവാദമാകുകയും സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയരുകയും ചെയ്തതോടെ കെ.പി.സുകുമാരൻ പോസ്റ്റ് പിൻവലിച്ച് തടിതപ്പി.

ഇപ്പോൾ സ്വയം ന്യായീകരിച്ച് ഫേസ്ബുക്കിൽ തുരുതുരെ പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുകയാണ് കെ.പി.സുകുമാരൻ.താൻ ഉദ്ദേശിക്കാത്ത തലത്തിൽ വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചതുകൊണ്ടാണ് പോസ്റ്റ് ഞാൻ പിൻവലിച്ചത് എന്നാണ് വിശദീകരണം. എന്നാൽ പ്രതിയുടെ കുടുംബം അനാഥമാകുകയാണെന്നും അവർക്ക് ഈ ദുർഗതി വരാൻ മാത്രം എന്തെങ്കിലും തൃത്താലയിൽ സംഭവിച്ചിരുന്നോ എന്നും പഴയ ബ്ലോഗർ ചോദിക്കുന്നു.

തീയേറ്ററിൽ ബാലിക പീഡനത്തിന് ഇരയായതിനെ വീണ്ടും നിസ്സാരവൽക്കരിച്ചതിന് ശേഷം തനിക്ക് കിട്ടിയ പ്രശസ്തിയിൽ സന്തോഷമുണ്ടെന്ന് കെ.പി.സുകുമാരൻ പ്രഖ്യാപിക്കുന്നു. പത്ത് വർഷത്തിലധികമായി സാമൂഹ്യ മാധ്യമങ്ങളിൽ എഴുതിയിട്ടും ലഭിക്കാത്ത പ്രസിദ്ധിയും പ്രചരണവും ഇന്ന് കിട്ടിയതിൽ അതീവ സന്തുഷ്ടനാണെന്നും ഈ പബ്ലിസിറ്റി താൻ ആഘോഷിക്കുകയാണെന്നും ആക്ടിവിസ്റ്റ് സ്വയം ആശ്വസിക്കുന്നു.

തന്‍റെ ഫിലോസഫിയിൽ നിന്നും ശൈലിയിൽ നിന്നും വായനക്കാർക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന് പറഞ്ഞ് മാധ്യമങ്ങളെ വിമർശിച്ചുകൊണ്ടാണ് അടുത്ത കുറിപ്പ്. ഇനിയും ഇടക്കിടെ ഓരോ പോയിന്‍റുകൾ പറയുമെന്നാണ് ആക്ടിവിസ്റ്റ് ബ്ലോഗറുടെ മുന്നറിയിപ്പ്.

പീഡനത്തെ ന്യായീകരിക്കുന്ന കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം:'ലഭിച്ച അവസരം ആസ്വദിച്ചെന്നേയുള്ളൂ,സിസിടിവി ഇല്ലായിരുന്നെങ്കില്‍ ആരും അറിയില്ല';മൊയ്തീന്‍കുട്ടിയെ ന്യായീകരിച്ച് ബ്ലോഗര്‍