ആശങ്ക ഒഴിയാതെ ചാലിയാര്‍, ഇരുവഴിഞ്ഞി പുഴ പ്രദേശവാസികള്‍

കോഴിക്കോട്: മനുഷ്യന് ഹാനികരമായ ബ്ലൂഗ്രീന്‍ ആല്‍ഗയുടെ കൂടിയ അളവിലുള്ള സാന്നിധ്യം ചാലിയാര്‍, ഇരുവഴിഞ്ഞി പുഴകളില്‍ കണ്ടെത്തിയിട്ട് മാസമായിട്ടും ജനങ്ങളുടെ ആശങ്ക അവസാനിക്കുന്നില്ല. അധികൃതര്‍ പലരും പ്രദേശം സന്ദര്‍ശിക്കുകയല്ലാതെ പരിഹാരനടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

ജലവിഭവ വികസന വിനിയോഗ കേന്ദ്രമാണ് (സിഡബ്ല്യുആര്‍ഡിഎം) പരിശോധനയിലൂടെ ബ്ലൂഗ്രീന്‍ ആല്‍ഗയുടെ സാന്നിധ്യം ചാലിയാര്‍, ഇരുവഴിഞ്ഞി പുഴകളില്‍ കണ്ടെത്തുന്നത്. ബ്ലൂഗ്രീന്‍ ആല്‍ഗയുള്ള വെള്ളം തൊലി പുറത്ത് ചൊറിച്ചിലുണ്ടാക്കാനും വയറ്റിലെത്തിയാല്‍ അള്‍സറടക്കം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ബ്ലൂഗ്രീന്‍ ആല്‍ഗ കാരണമാകുമെന്ന് സിഡബ്ലൂആര്‍ഡിഎം അധികൃതര്‍ പറയുന്നത്. 

ചാലിയാര്‍ പുഴയില്‍നിന്നുള്ള ജലം ശുദ്ധീകരിക്കാതെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിതരണം ചെയ്യുന്നതായി പരാതിയുയര്‍ന്നതാണ് ഇപ്പോഴത്തെ വലിയ അശങ്ക. ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറി, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കലക്ടര്‍മാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഫറോക്ക് സ്വദേശി അഭിലാഷാണ് പരാതി അയച്ചത്. കേരള വാട്ടര്‍ അഥോറിറ്റിയാണ് ചാലിയാര്‍, ഇരുവഴിഞ്ഞി പുഴകളില്‍നിന്നുള്ള ജലം ശുദ്ധീകരണം നടത്താതെ ഇരുജില്ലകളിലേയും ഗ്രാമങ്ങളില്‍ വിതരണം ചെയ്യുന്നതെന്നാണ് പരാതി. 

ശുദ്ധീകരിച്ച വെള്ളം ആകെ വിതരണം ചെയ്യുന്നത് കൂളിമാട് പമ്പ് ഹൗസില്‍ നിന്നും കോഴിക്കോട് നഗരത്തിലേക്കും മാത്രമാണ്. ചാലിയാറില്‍നിന്നും ഇരുവഴിഞ്ഞിപ്പുഴയില്‍ നിന്നും മുക്കം, ചാത്തമംഗലം, കൊടിയത്തൂര്‍ ഭാഗത്തേക്കും മലപ്പുറം ജില്ലയിലെ പല സ്ഥലങ്ങളിലേക്കും വെള്ളം വിതരണം ചെയ്യുന്നുണ്ട്. ചീക്കോട്, മഞ്ചേരി, അരീക്കോട് എന്നിവിടങ്ങളിലെ പ്രാദേശിക പമ്പിങ് സെന്ററുകള്‍ വഴിയാണ് മലപ്പുറത്തേക്കുള്ള ജല വിതരണം. 

പൂര്‍ണമായും അണുവിമുക്തമായ, ശുദ്ധീകരിച്ച വെള്ളം മാത്രമേ വിതരണം ചെയ്യാവൂ എന്ന കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പുഴയില്‍നിന്ന് നേരിട്ട് വെള്ളം വിതരണം ചെയ്യുന്നത്. 
പ്രധാനമായും കെട്ടിക്കിടക്കുന്ന ജലത്തിലാണ് ബ്ലൂഗ്രീന്‍ ആല്‍ഗ പ്രതിഭാസം പ്രധാനമായും കണ്ടു വരുന്നത്. ചാലിയാറില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിനു സമീപം വെള്ളത്തില്‍ മാലിന്യം നിറഞ്ഞതാണ് ബ്ലൂഗ്രീന്‍ ആല്‍ഗക്ക് കാരണമായതെന്നാണ് കണ്ടെത്തല്‍.