ദില്ലി: വിദ്യാര്‍ത്ഥി ഓടിച്ച ആഡംബര വാഹനമിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. വാഹനമോടിച്ച് രക്ഷപെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടി. റോഡ് മുറിച്ച് കടക്കുകയായിരുന്ന അമ്പതുവയസുകാരനായ ശിവ്നാഥിനെയാണ് ആഡംബരവാഹനം ഇടിച്ച് തെറിപ്പിച്ചത്. ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് സമീപമാണ് അപകടമുണ്ടായത്. 

ഇടിയുടെ ആഘാതത്തില്‍ അമ്പത് വയസ് പ്രായമുള്ള ദില്ലി സ്വദേശി ശിവ്നാഥ് സംഭവ സ്ഥലത്ത് വച്ച് മരിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായി. സമീപത്ത് നിന്നുള്ള സിസിടിവിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗതയിലെത്തുന്ന വാഹനം കണ്ട് ശിവ്നാഥ് മീഡിയനിലേയ്ക്ക് കയറി നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. 

ഇടിയുടെ ആഘാതത്തില്‍ മധ്യവയസ്കന്‍ വായുവില്‍ ഉയര്‍ന്ന് നിലത്ത് വീഴുന്നതും ഇടിച്ച വാഹനം സ്പീഡില്‍ ഓടിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ഡെല്‍ഹി യൂണിവേഴ്സിറ്റിയുടെ ഖല്‍സ കോളേജിലെ വിദ്യാര്‍ത്ഥിയാണ് അഭിനവ്. ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ അഭിനവ്.