തിരുവനന്തപുരം: മീൻപിടുത്ത വള്ളത്തിൽ കപ്പലിടിച്ച് വീണ്ടും അപകടം . കൊല്ലം തീരത്തുനിന്ന് 39 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ ചാലിലാണ് അപകടം. വള്ളത്തിൽ ഉണ്ടായിരുന്ന ആറുപേരെയും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. കപ്പൽ നിർത്താതെ പോയി.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു കപ്പൽ വള്ളത്തിലിടിച്ചത് . കൊല്ലം തീരത്ത് നിന്ന് 39 നോട്ടിക്കൽ മൈൽ അഥവാ 72.23 കിലോ മീറ്റര്‍ അകലെയാണ് അപകടം . കുളച്ചല്‍ സ്വദേശി സഹായത്തിന്‍റെ ആരോഗ്യ അണ്ണൈ എന്ന വള്ളത്തിലാണ് കപ്പിലിടിച്ചത് .ഹോ കോങ്ങിൽ നിന്നുള്ള കപ്പലാണിതെന്ന് അറിയുന്നു . കപ്പൽ നിര്‍ത്താതെ തെക്കു ഭാഗത്തേയ്ക്ക് പോയി . വള്ളത്തിലുണ്ടായിരുന്ന 6 പേരെയും മല്‍സ്യത്തൊഴിലാളികള്‍ തന്നെ രക്ഷപ്പെടുത്തി അവരുടെ ബോട്ടുകളിലേയ്ക്ക് മാറ്റി . കുളച്ചിലിലെ നീരോടി, വള്ളവിള എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവരെല്ലാവരും . കഴിഞ്ഞ രാത്രി പത്തരയ്ക്ക് നീണ്ടകരയിൽ നിന്നാണ് ഇവര്‍ മല്‍സ്യബന്ധത്തിനായി പുറപ്പെട്ടത്

 നാവിക സേനയുടെ സഹായം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ കൊച്ചിയിൽ നിന്ന് നാവിക സേനയുടെ ഡോണിയര്‍ വിമാനവും ഹെലികോപ്ടറും അപകട സ്ഥലത്തേയ്ക്ക് പോയി . മല്‍സ്യത്തൊഴിലാളികളാണ് വിവരം അധികൃതരെ അറിയിച്ചത് . വള്ളത്തിലിടിച്ച കപ്പലിനായി തിരച്ചിൽ നടത്തുന്നുണ്ട് . നാവിക സേന, കോസ്റ്റ് ഗാര്‍ഡ് ,കോസ്റ്റൽ പൊലീസ് , മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നിവ സംയുക്തമായാണ് നടപടികളെടുക്കുന്നത് .