ഹൈദരാബാദ്: വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ. ജയിൽ ജീവിതം അറിയാനുള്ള ഭാഗമായാണ് ഇങ്ങനെയൊരു സംഭവം ചെയ്തതെന്ന് ഇദ്ദേഹം പറയുന്നു. 15 വര്‍ഷങ്ങൾക്ക് മുൻപ് കേരളത്തിലെ ജയിലില്‍ കഴിയാന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാൽ, കുറ്റം ചെയ്താല്‍ മാത്രമേ കേരളത്തിലെ ജയിലില്‍ പാര്‍പ്പിക്കൂ എന്നാണ് അധികാരികൾ ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞത്. തെലങ്കാനയിലെ ജയിലില്‍ 24 മണിക്കൂര്‍ താമസിക്കാന്‍ 500 രൂപയാണ് ഫീസ്.

തെലങ്കാനയിലെ ജയിലില്‍ ടൂറിസം പരിപാടിയുടെ ഭാഗമായി ‘ഫീല്‍ ദ ജയില്‍’ എന്ന പദ്ധതി പ്രകാരമാണ് ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം 'ജയില്‍ ശിക്ഷ' അനുഭവിച്ചത്. മറ്റു തടവുകാരെ പോലെ തന്നെയാണ് ടൂറിസ്റ്റുകളുടെ ജയില്‍ വാസവും. തടവുപുള്ളിയുടെ വസ്ത്രം ധരിച്ച് തന്നെ വേണം അകത്ത് കടക്കാന്‍. ജയില്‍ വാസത്തില്‍ 24 മണിക്കൂറും ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ല. 

തടവുകാർക്ക് കൊടുക്കുന്ന അതേ ഭക്ഷണം തന്നെയാണ് ഇവർക്കും കൊടുക്കുക. ഒപ്പം ചെറിയ രീതിയിലുള്ള ജോലികളും ചെയ്യണം. ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് ബോബി ചെമ്മണ്ണൂര്‍ ചെടി നനയ്ക്കുകയും നിലം തുടയ്ക്കുകയും ചെയ്തു. സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയില്‍ മ്യൂസിയത്തില്‍ ആയിരുന്നു ബോബി ചെമ്മണ്ണൂരിന്‍റെ താമസം.