
മസ്‌കറ്റ്: ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം സ്വദേശമായ അങ്കമാലിയില്‍ സംസ്‌കരിച്ചു.മൂന്ന് മണിയോടെ അങ്കമാലി കൃസ്തുരാജ് പള്ളിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. അതേസമയം ചിക്കുവിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങിയിട്ടില്ല.
രാവിലെ ഏഴ് മണിയോടെയാണ് ചിക്കുവിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. അടുത്ത ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എത്തിയിരുന്നു.കേസ് നടപടിയുടെ ഭാഗമായി ഒമാന്‍ പോലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുന്ന ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സന്റെ മോചനത്തിന് നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു.ലിന്‍സണ്‍ നിരപരാധിയാണ് എന്നാണ് ലഭിച്ച വിവരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൃതദേഹത്തിനൊപ്പം ലിന്‍സന്റെ ബന്ധുക്കളും ഒമാനില്‍ നിന്നെത്തിയിരുന്നു.ഒമാന്‍ പോലീസ് വ്യക്തമായ ഒരു വിവരവും നല്‍കുന്നില്ലെന്നും കസ്റ്റഡിയില്‍ ലിന്‍സണ്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിലാണെന്നും ബന്ധുവായ ജിന്‍സണ്‍ പറഞ്ഞു.
കറുകുറ്റിയിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ഒട്ടേറെ പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.തുടര്‍ന്ന് മൂന്ന് മണിയോടെ അങ്കമാലി കൃസ്തുരാജ് പള്ളിയില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നു.
സലാല ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്‌സായിരുന്ന ചിക്കുവിനെ കഴിഞ്ഞ മാസം 20നാണ് മുറിയില്‍ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്.
