ദില്ലി: ദില്ലി - മുംബൈ വിമാനത്തില്‍ വച്ച് ബോളിവുഡ് നടിക്കെതിരെ ലൈംഗികാതിക്രമം. ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ബോളിവുഡ് നടി വിവരിക്കുന്നത്. എയര്‍ വിസ്താര എയര്‍ലൈനില്‍ വച്ചാണ് നടിയ്ക്ക് ദുരനുഭവം നേരിട്ടത്. പിന്‍ സീറ്റില്‍ യാത്ര ചെയ്തിരുന്ന ആള്‍ ബോളിവുഡ് നടിയെ ശാരീരികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എയര്‍ലൈന്‍ ജീവനക്കാര്‍ ബോളിവുഡ് നടിയെ സഹായിച്ചില്ലെന്നും നടി വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. 

ഒരു പെണ്‍കുട്ടിയോട് ഇത്തരത്തിലാണോ പെരുമാറേണ്ടത്, സ്വയം സഹായിക്കാന്‍ പെണ്‍കുട്ടികള്‍ ശ്രമിക്കാതെ ആരും സഹായിക്കാന്‍ ഉണ്ടാവില്ലെന്നും പറഞ്ഞ് വിതുമ്പുന്ന ബോളിവുഡ് നടിയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. തന്നെ ഉപദ്രവിച്ച ആളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം മുഖം കൃത്യമായി ലഭിച്ചില്ലെന്ന് നടി ആരോപിക്കുന്നു. 

അറിയാതെ സംഭവിച്ചതാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടും തോണ്ടലും തലോടലും തുടര്‍ന്നപ്പോളാണ് സംഭവം മനസിലായതെന്ന് സൈറ പറഞ്ഞു. പതിനേഴ് വയസുള്ള നടിയുടെ ആരോപണം അന്വേഷിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ വിശദമാക്കി.