കോഴിക്കോട്: ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ കേരളത്തിലുടനീളം പൊട്ടിപ്പുറപ്പെട്ട ആക്രമങ്ങള്‍ തുടരുന്നു.  മലബാർ ദേവസ്വം ബോർഡംഗം കെ ശശികുമാറിന്റെ വീടിന് നേരെ ബോംബേറ്. കോഴിക്കോട് പേരാമ്പ്ര കല്ലോടുള്ള വീടിനു നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് സ്റ്റീൽ ബോംബുകൾ എറിഞ്ഞു. ഒന്ന് നിലത്ത് വീണ് പൊട്ടി. പേരാമ്പ്ര പൊലീസ് കേസെടുത്തു.

സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ അന്വേഷിക്കാൻ പ്രത്യേക പദ്ധതിയുമായി പൊലീസ് രംഗത്തെത്തിയിരുന്നു. ഓപ്പറേഷൻ ബ്രോക്കണ്‍ വിൻഡോ എന്ന പേരിലാണ് പദ്ധതി. ശബരിമല യുവതീ പ്രവേശനത്തിന് ശേഷം സംസ്ഥാനത്താകെ വ്യാപകമായ അക്രമങ്ങളാണ് ഉണ്ടായത്. പൊതുമുതലുകള്‍ നശിപ്പിക്കപ്പെട്ടു. സമൂഹമാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന രീതിലുള്ള പ്രചരണങ്ങളും തുടങ്ങി. 

തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാന നില കൂടുതൽ വഷളാകാതിരിക്കാനാണ് ഡിജിപിയുടെ മേൽനോട്ടത്തിൽ പ്രത്യേക ഓപ്പറേഷൻ. അക്രമികളെ അറസ്റ്റ് ചെയ്യാനും കരുതൽ നടപടി സ്വീകരിക്കാനും ഓരോ ജില്ലയിലും പ്രത്യേക സംഘങ്ങളെ എസ്പിമാരുടെ കീഴിൽ രൂപീകരിക്കും. അക്രമികളുടെ വിവരങ്ങള്‍ ഇന്‍റലിജന്‍സ് തയ്യാറാക്കും, കുറ്റക്കാരുടെ ഫോട്ടോ പതിച്ച ഡേറ്റാ ആൽബം തയ്യാറാക്കുകയും ചെയ്യും. 

അക്രമികളുടെ ഫോണ്‍ പിടിച്ചെടുക്കുകയും ആയുധ ശേഖരമുണ്ടോയെന്ന് അറിയാനായി വീടുകളിൽ പരിശോധന നടത്തുകയും വേണമെന്നാണ് ഡിജിപിയുടെ നിർദ്ദേശം.മാധ്യമപ്രവർത്തകരെ ആക്രമിച്ച കേസുകള്‍ പ്രത്യേക സംഘം ഗൗരവമായി അന്വേഷിക്കും. സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടത്തുന്നവർക്കതിരെ കേസെടുക്കും.