കോഴിക്കോട്: തൂണേരിയില്‍ ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഓഫീസിന്‍റെ ജനലുകള്‍ക്ക് കേടുപറ്റി. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ ഓഫീസനെതിരായ ആക്രമണത്തിന്‍റെ തുടര്‍ച്ചയാണിതെന്നാണ് സൂചന. ഇന്നലെ രാത്രി ഒന്‍പതേ മുക്കാലോടെ കണ്ണങ്കൈക്കടുത്ത് എടത്തില്‍
മുക്കിലാണ് ഡിവൈഎഫ്ഐയുടെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് നിര്‍മ്മിച്ച താല്‍ക്കാലിക സംഘാടക സമിതി ഓഫീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. 

ബൈക്കിലെത്തിയ സംഘം ഓഫീസിന് തീവെച്ചു. ഓടിയെത്തിയ നാട്ടുകാര്‍ ആക്രമികളെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു ഇവരെത്തിയ ബൈക്കിന്‍റെ നമ്പര്‍ നാട്ടുകാര്‍ പൊലീസിന് നല്‍കി. പിന്നാലെയാണ് രാത്രി 11.50ന് തൂണേരിയിലെ മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ് ഉണ്ടായത്. ബോംബേറില്‍ ഓഫീസിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. 

രണ്ട് ബോംബുകളാണ് ഓഫീസിന് നേരെ എറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഒന്നാണ് പൊട്ടിയത്. പൊട്ടാതിരുന്ന മറ്റൊരു ബോംബ് പൊലീസ് സ്ഥലത്ത് നിന്ന് കണ്ടെടുത്തു.സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്