കണ്ണൂർ: പയ്യന്നൂരില്‍ ഇരട്ടക്കൊലപാതകങ്ങളുടെ ഒന്നാംവാര്‍ഷിക ദിനത്തില്‍ സിപിഎം പ്രവർത്തകർക്ക് നേരെ ബോംബേറ്. പയ്യന്നൂർ കുന്നരുവിൽ സിപിഎം സംഘടിപ്പിച്ച ധനരാജ് അനുസ്മരണത്തിൽ പങ്കെടുക്കാൻ പോയ സിപിഎം പ്രവർത്തകർക്ക് നേരെയാണ് കക്കംപാറയിൽ വെച്ച് ബോംബെറിഞ്ഞത്. സംഭവത്തില്‍ സിപിഎം പ്രവർത്തകരായ ആറ് പേർക്ക് പരിക്കേറ്റു. ഇവർ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം പയ്യന്നൂരിൽ ബിജെപി ഓഫീസിന് നേരെയും ആർ.എസ്.എസ് കാര്യാലയത്തിന് നേരെയും ആക്രമണമുണ്ടായി. ആർ.എസ്.എസ് കാര്യാലയം ബോംബെറിഞ്ഞ് തീവെച്ച് നശിപ്പിച്ചു. കാരന്താട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെയും കോറോത്ത് ബിജെപി പ്രവർത്തരകന്‍റെ വീടിന് നേരെയെും ആക്രമണമുണ്ടായി. പയ്യന്നൂരിൽ നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ വാർഷികാചരണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ കനത്ത സുരക്ഷക്കിടയിലാണ് ഇന്ന് ഈ അക്രമങ്ങൾ നടന്നത്.

2016 ജൂലൈ 11നാണ് സിപിഎം പ്രവര്‍ത്തകന്‍ രാമന്തളിയിലെ സി വി ധനരാജ് വെട്ടേറ്റു മരിക്കുന്നത്. തൊട്ടു പിന്നാലെ അന്നൂരിലെ ബിജെപി പ്രവര്‍ത്തകന്‍ രാമചന്ദ്രനെയും ഒരു സംഘം വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.