സിറിയ: സിറിയയില്‍ വിമതര്‍ക്കെതിരെ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 14 മരണം. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ദമാസ്‌കസിനു സമീപമായിരുന്നു ആക്രമണം. തലസ്ഥാനത്തിനു സമീപമുള്ള വാദി ബരാദയിലാണ് സൈന്യം ബാരല്‍ ബോംബുകള്‍ വര്‍ഷിച്ചത്. വലിയ ഡ്രമ്മുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.

നഗരം കീഴടക്കിയ ജയ്ഷ് അല്‍ ഇസ്ലാമിനെതിരെ കഴിഞ്ഞ മൂന്ന് ദിവസമായി പോരാട്ടം രൂക്ഷമാണ്. പ്രദേശത്തെ കുടിവെള്ളം വിമതര്‍ ഡീസലൊഴിച്ചു നശിപ്പിച്ചുവെന്നാരോപിച്ചാമ് സൈന്യം നടപടി തുടങ്ങിയത്. ഇതിനിടെ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിക്ക് സമീപമുള്ള അല്‍ ബാബില്‍ നിന്ന് ഐ എസിനെ തുരത്താന്‍ വ്യോമാക്രമണം ശക്തമാക്കണമെന്ന് തുര്‍ക്കി അമേരിക്കയോടാവശ്യപ്പെട്ടു.

ജരാബ്ലസ്സിലെ 215 ഇടങ്ങളില്‍ നിന്ന് ഐ എസിനെ തുരത്തിയെന്നാണ് തുര്‍ക്കിയുടെ വാദം. സൈന്യം തിരിച്ചു പിടിച്ച അലെപ്പോയില്‍ നിന്നും 250 പേരെ ചികിത്സക്കായി തുര്‍ക്കിയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ 35 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 75 പേരുടെ നില ഗുരുതരമായി തുടരുന്നു