ദില്ലി: വിവാഹം, തീര്‍ത്ഥാടനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ട്രെയിന്റെ കോച്ചുകള്‍ മൊത്തമായി ബുക്ക് ചെയ്യേണ്ടതുണ്ടോ? അതിന് ഇനി അധികം കഷ്‌ടപ്പെടേണ്ടതില്ല. കോച്ചുകളും സ്‌പെഷ്യല്‍ ട്രെയിനുകളുമൊക്കെ ഇനി ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് റെയില്‍വേ. ഐ.ആര്‍.സി.ടി.സിയുടെ ഏകജാലക ബുക്കിങ് വെബ്സൈറ്റിലൂടെ ഇനി ഇത്തരത്തിലുള്ള ബുക്കിങുകളും നടത്താനാവുമെന്ന് റെയില്‍വെ ബോര്‍ഡ് അറിയിച്ചു.
നിലവില്‍ ഇത്തരം "ബള്‍ക്ക് ബുക്കിങുകള്‍' നടത്താന്‍ യാത്ര ആരംഭിക്കുന്ന സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററെയോ ചീഫ് ബുക്കിങ് സൂപ്പര്‍വൈസറെയോ സമീപിച്ച് യാത്രാ വിവരങ്ങളും അളുകളുടെ പേരുകളും സഹിതം അപേക്ഷ നല്‍കണമായിരുന്നു. പണം നിക്ഷേപിച്ച ശേഷം ഫുള്‍ താരിഫ് റേറ്റ് അനുസരിച്ചുള്ള നമ്പര്‍ രേഖപ്പെടുത്തി റെസിപ്റ്റ് നല്‍കുകയാണ് പതിവ്. ഏറെ ദുഷ്കരമായ ഈ നടപടി അവസാനിപ്പിച്ച് ഇനി മുതല്‍ ഓണ്‍ലൈനായി കോച്ചുകള്‍ ബുക്ക് ചെയ്യാം. പണമടയ്‌ക്കുന്നത് ഉള്‍പ്പെടെ എല്ലാ നടപടികളും ഓണ്‍ലൈനിലൂടെ തന്നെയാണ് പൂര്‍ത്തീകരിക്കേണ്ടത്.
