അമേരിക്ക: ചെറിയ കാര്യങ്ങളില്‍ ദുഖിക്കുന്നവര്‍ അമേരിക്കയിലെ ആര്‍. ഇ പ്രാന്‍കയെ അറിയണം. നമ്മളെക്കാള്‍ അനുഭവത്തിലും പ്രായത്തിലും വളരെ ചെറുതാണിവള്‍. പക്ഷേ ദുഖങ്ങളില്‍ പെട്ടന്ന് തളരുന്നവര്‍ക്ക് ജീവിക്കാനുള്ള ഊര്‍ജ്ജം അവളുടെ ഒരോ ചലനങ്ങളെയും നിരീക്ഷിച്ചാല്‍ കിട്ടും.

ആര്‍ ഇ പ്രാന്‍ക ഒരു സാധാരണ കുട്ടിയാണ്. എന്നാല്‍ പ്രാന്‍കയെ അസാധാരണയാക്കുന്നത് ജീവിതത്തോടുള്ള അവളുടെ സമീപനമാണ്.ഇരു കൈകളുമില്ലാതെയാണ് പ്രാന്‍കയുടെ ജനനം. പക്ഷേ അതവള്‍ക്ക് അത് ഒരു കുറവേയല്ല. പരസഹായമില്ലാതെ ഭക്ഷണം കഴിക്കുകയും പല്ല് തേക്കുകയും ചെയ്യും ഈ മിടുക്കി. ചിത്രം വരയിലും മിടുക്കിയാണ് പ്രാന്‍കെ. 

കാലുകള്‍ കൊണ്ട് ആസ്വദിച്ച് ചിത്രം വരക്കുന്ന പ്രാന്‍ക ക്യാന്‍വാസില്‍ വിസമയം തീര്‍ക്കുമ്പോള്‍ അത്ഭുതപ്പെടുന്നത് ഇവളുടെ പ്രിയപ്പെട്ടവരാണ്.സൈക്കോളിടിക്കുക എന്നത് കൊച്ചു പ്രാന്‍കെയുടെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. കൈകളില്ലാത്തത് കൊണ്ട് എങ്ങനെ സൈക്കള്‍ ഓടിക്കാനാണ്? പക്ഷേ തന്‍റെ ആഗ്രഹങ്ങള്‍ അങ്ങനെ വിട്ടുകളയാന്‍ ഒരുക്കമായിരുന്നില്ല പ്രാന്‍കെ.

പി വി സി പൈപ്പും ചരടും ഉപയോഗിച്ച് ഇവളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളപ്പിച്ചിരിക്കുകയാണ് പ്രിയപ്പെട്ടവര്‍. പ്രാന്‍കെയുടെ ചുമലില്‍ നിന്ന് സൈക്കളിന്‍റെ ഹാന്‍ഡിലിലേക്ക് ഈ ഉപകരണം ഘടിപ്പിക്കും. അങ്ങനെ ഷോള്‍ഡര്‍ ഉപയോഗിച്ച് പ്രാന്‍കയ്ക്ക് സൈക്കിള്‍ നിയന്ത്രിക്കാന്‍ കഴിയും. മറ്റു കുട്ടികളെപ്പോലെ പ്രാന്‍കെ ഇപ്പോള്‍ സൈക്കിളുമായി നിരത്തിലിറങ്ങും. എത്ര വേഗതയില്‍ തനിക്ക് സൈക്കളോടിക്കാന്‍ കഴിയുമെന്ന പരീക്ഷണത്തിലാണ് ഇപ്പോള്‍ ഈ മിടുക്കി.