ഹേഗ്: ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെ മുന്‍ ബോസ്‌നിയന്‍ കമാന്‍ഡര്‍ വിഷം കഴിച്ചു മരിച്ചു. 1992-95 കാലത്തെ ബോസ്‌നിയന്‍ യുദ്ധത്തില്‍ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ കുറ്റാരോപിതനായ സ്ലൊബൊഡാന്‍ പ്രല്‍ജാക്കാ(72)ണ് കോടതിമുറിയില്‍ ആത്മഹത്യ ചെയ്തത്.

2013ല്‍ പ്രല്‍ജാക്കിന് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അതിനെതിരേ അന്താരാഷ്ര്ടകോടതിയില്‍ നല്‍കിയ അപ്പീല്‍ഹര്‍ജിയില്‍ വിധി പറയുന്നതിനിടെയാണ് സംഭവം. ശിക്ഷകേള്‍ക്കുന്നതിനിടെ എഴുന്നേറ്റ് കൈയില്‍ കരുതിയിരുന്ന വിഷദ്രാവകം കഴിക്കുകയായിരുന്നു.

കോടതിനടപടികള്‍ നിര്‍ത്തിവെച്ച് പ്രല്‍ജാക്കിനെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബോസ്‌നിയന്‍ യുദ്ധത്തില്‍ പ്രതികളായ ആറു സൈനികരാഷ്ര്ടീയ നേതാക്കളില്‍ ഒരാളാണ് പ്രല്‍ജാക്ക്.