ലണ്ടന്‍: കേള്‍വിശക്തി ഇല്ലാത്ത ആറുവയസുകാരന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണിയിലാണ്, അവനെ അവര്‍ കൊലപ്പെടുത്തേണ്ടവരുടെ പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്. ലവാന്‍ഡ് ഹമാദാമിന്‍ എന്ന ആറുവയസുകാരനായ ഇറാഖി പൗരനാണ് ഐഎസിന്റെ വധഭീഷണി നേരിടുന്നത്. വടക്കന്‍ ഇഖാഖിലാണ് അമ്മ ഗോല്‍ബഹാര്‍, അച്ഛന്‍ റെബ്‌വാര്‍, സഹോദരന്‍ റാവ എന്നിവര്‍ക്കൊപ്പം ലവാന്‍ഡ്താമസിച്ചിരുന്നത്. ഭിന്നശേഷിയുള്ള എല്ലാ കുട്ടികളെയും മാരകമായ വിഷം കുത്തിവെച്ച് കൊല്ലുമെന്ന ഐഎസിന്‍റെ കഴിഞ്ഞ വര്‍ഷത്തെ പ്രഖ്യാപനമാണ് ലവാന്‍ഡയുടെ ജീവന് ഭീഷണിയായിരിക്കുന്നത്. 

കുടുംബവും രാഷ്ട്രീയാഭയം തേടുന്നു. തങ്ങളെ ബ്രിട്ടനില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അവിടുത്തെ ആഭ്യന്ത്രര മന്ത്രാലയത്തിന് അപേക്ഷ നല്‍കുകയായിരുന്നു ലവാന്‍ഡ് ഹമാദാമിന്‍‍. തുടര്‍ന്ന് ലവാന്‍ഡ് മാതാപിതാക്കളും സഹോദരനുമായി ലണ്ടനിലേക്ക് പോവുകയായിരുന്നു. സെപ്തംബറില്‍ ബ്രിട്ടനിലെത്തിയ ലവാന്‍ഡ് ഡെര്‍ബിയിലുള്ള റോയല്‍ സ്‌കൂള്‍ ഫോര്‍ ഡീഫ് എന്ന സ്ഥാപനത്തില്‍ പഠനം ആരംഭിച്ചു.

എന്നാല്‍ ഇപ്പോള്‍ കുടുംബം നാടുകടത്തല്‍ ഭീഷണി നേരിടുകയാണ്. അടുത്ത വര്‍ഷം ജനുവരി ഒമ്പതിനകം ജര്‍മനിയിലേക്ക് പോകണമെന്ന് ബ്രിട്ടന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അതേസമയം ലവാന്‍ഡയുടെ കുടുംബത്തെ രാജ്യത്ത് തുടരാന്‍ അനുവദിക്കണമെന്ന് റോയല്‍ സ്‌കൂള്‍ അധികൃതര്‍ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മകന്‍ സ്‌കൂളില്‍ മികച്ച രീതിയില്‍ പുരോഗതി കൈവരിക്കുന്നുണ്ടെന്ന് അച്ഛന്‍ റെബ്‌വാര്‍ പറയുന്നു. ഇവിടെയെത്തുമ്പോള്‍ അവന് ആശയവിനിമയം സാധ്യമായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വന്നിരിക്കുന്നു. സ്‌കൂളിനോട് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല. 

ഞങ്ങളെ നാടുകടത്തിയാല്‍ ഞങ്ങള്‍ക്ക് വേറെ വീടുണ്ടാകില്ല. മകനുണ്ടായ എല്ലാ പുരോഗതിയും അതോടെ ഇല്ലാതാകും. നിറകണ്ണുകളോടെ അച്ഛന്‍ പറയുന്നു. ബ്രിട്ടനിലേക്ക് കുടിയേറും മുന്‍പ് ഒരുവര്‍ഷത്തോളം ഫ്രാന്‍സിലെ ഡന്‍കിര്‍ക്കിലുള്ള അഭയാര്‍ത്ഥി ക്യാംപിലായിരുന്നു ലവാന്‍ഡും കുടുംബവും.