തന്‍റെ എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളുമായി പതിനഞ്ചുകാരന് ബന്ധമുണ്ടെന്ന് തമിഴ്സെല്‍വി കണ്ടെത്തിയത് ഒരാഴ്ച മുമ്പായിരുന്നു
ചെന്നൈ: പതിനഞ്ചുകാരന്‍ ബന്ധുവിനെ കളിപ്പാട്ടം ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം കൈ മുറിച്ചെടുത്തു. ജൂലൈ മൂന്നിന് തമിഴ്നാട്ടിലെ അമിഞ്ചികരായില്‍ വച്ചാണ് തമിഴ്ശെല്‍വി(35)യെ കുട്ടി കൊലപ്പെടുത്തിയത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന തന്‍റെ മകളുമായി പതിനഞ്ചുകാരന് ബന്ധമുണ്ടെന്ന് തമിഴ്സെല്‍വി കണ്ടെത്തിയത് ഒരാഴ്ച മുമ്പായിരുന്നു.
ടെഡി ബിയര്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചതിന് ശേഷം മരിച്ചുവെന്ന് ഉറപ്പാക്കാന്‍ കൈ മുറിച്ചെടുക്കുകയായിരുന്നു. സ്കൂളിലെ ബയോളജി ക്ലാസിലെ പാഠങ്ങള്‍ കൊലപാതകത്തില്‍ കുട്ടി ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടത്തിയതായി കുട്ടി സമ്മതിച്ചു. ആത്മഹത്യയായി വരുത്തി തീര്‍ക്കാനായിരുന്നു ശ്രമമെന്നും കുട്ടി പൊലീസിന് മൊഴി നല്‍കി.
ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം അമിഞ്ചിക്കരായിലെ വെള്ളലറിലാണ് ഇവര്‍ താമസിച്ച് വന്നിരുന്നത്. നാല് വയസ്സുള്ള ഒരു മകനുമുണ്ട് ഇവര്‍ക്ക്. ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ ശങ്കര്‍ ഭാര്യയെ നിലത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ച് കഴിഞ്ഞിരുന്നു.
ശങ്കര്‍ അമിഞ്ചിക്കരായ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ്, വീടിന് സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍നിന്ന് പതിനഞ്ചുകാരന്‍ സംഭവം നടന്ന ദിവസം വീട്ടിലേക്ക് പ്രവേശിച്ചത് ശ്രദ്ധയില്‍പ്പെട്ടു. ശങ്കര്‍ ഇത് തന്‍റെ ബന്ധുവാണെന്ന് തിരിച്ചറിയുകയും ചെയ്തു.
തുടര്‍ന്ന് തമിഴ്സെല്‍വിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം പൊലീസ് കുട്ടിയെ ചോദ്യം ചെയ്തു. ആദ്യം എതിര്‍ത്ത പതിനഞ്ചുകാരന്‍ പിന്നീട് മകളുമായുള്ള ബന്ധം എതിര്‍ത്തതിനാണ് തമിഴ്സെല്‍വിയെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചു.
