ഹൈദരാബാദ്: അമ്മ മരിച്ചെന്ന സത്യം തിരിച്ചറിയാതെ അമ്മയുടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറങ്ങി 5 വയസ്സുകാരന്‍. ഹൈദരാബാദിലെ ഒസ്മാനിയ ജെനറല്‍ ആശുപത്രിയിലാണ് കണ്ണു നിറയുന്ന സംഭവം നടന്നത്. ഞായറാഴ്ച രാത്രിയാണ് ആശുപത്രിയില്‍ വച്ച് 36 കാരിയായ സമീന സുല്‍ത്താന മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നത് മകനായ 5 വയസ്സുകാരന്‍ ഷൊയിബ് മാത്രം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് സമീന മരിച്ചത്. സമീനയുടെ ഭര്‍ത്താവ് മൂന്ന് വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് മഹാരാഷ്ട്രയിലേക്ക് നാടുവിട്ടു.
അമ്മ മരിച്ചെന്ന സത്യം ഷൊയിബിനെ പറഞ്ഞ് മനസ്സിലാക്കാന്‍ ആശുപത്രി അധികൃതരും ജീവനക്കാരും ഏറെ പാടുപെട്ടു. അമ്മയുടെ മൃതദേഹം വിട്ട് നല്‍കാതെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു ആ കുരുന്ന്. സഫീനയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതുവരെ കുഞ്ഞ് അവര്‍ക്കൊപ്പംതന്നെ ഉണ്ടായിരുന്നു. മറ്റൊരു വാര്‍ഡിലേക്ക് മാറ്റാനാണെന്ന് പറഞ്ഞാണ് ഒടുവില്‍ ഷൊയിബിനെ സമീനയില്‍നിന്ന് മാറ്റിയത്. ഒപ്പം ആരുമില്ലെന്ന് കണ്ട് അധികൃതര്‍ ഉടന്‍തന്നെ മയിലര്‍ ദേവരപ്പള്ളി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു.
സമീനയുടെ ഭാഗില്‍നിന്ന് ലഭിച്ച ആധാര്‍ കാര്‍ഡിലെ വിവരങ്ങളില്‍നിന്ന് മെഡക് ജില്ലയിലെ സഹീര്‍ബാധില്‍നിന്ന് ബന്ധുക്കളെ പൊലീസ് കണ്ടെത്തി. കുഞ്ഞിനെ സമീനയുടെ സഹോദരന്‍ മുഷ്താഖ് പട്ടേലിന് കൈമാറിയതായി പൊലീസ് വ്യക്തമാക്കി. മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായും പൊലീസ് പറഞ്ഞു.
