ദുബായ്: ജിദ്ദയിലെ തെരുവില്‍ നൃത്തം ചെയ്തതിന് 14 കാരനായ ബാലനെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. 90 കളിലെ ഹിറ്റ് പാട്ടായ "മാക്കരേന" യ്ക്കാണ് ബാലന്‍ ചുവടുകള്‍ വെച്ചത്. പൊതുജന മദ്ധ്യത്തില്‍ മോശം പെരുമാറ്റം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.ട്രാഫിക്ക് സിംഗ്നലിന്‍റെ മുമ്പില്‍ വെച്ചാണ് കുട്ടിയുടെ നൃത്തം. നിരവധി വാഹനങ്ങള്‍ സിംഗ്നല്‍ മാറാനായി കാത്ത് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടിയുടെ പേരോ മറ്റുവിവരങ്ങളോ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കാഴ്ച്ചക്കാരിലൊരാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത നൃത്തത്തിന്‍റെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. 45 സെക്കന്‍റ് നീണ്ടു നില്‍ക്കുന്ന കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്.

ഈ മാസം ആദ്യം സൗദി സ്വദേശിയായ ഗായകന്‍ അബ്ദള്ള അല്‍ ഷഹാനിയെ സമാനമായ കാരണത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റ്റായ്ഫ് പട്ടണത്തില്‍ നടന്ന ഒരു സംഗീത പരിപാടിക്കിടെ നൃത്തം ചെയ്തതിനായിരുന്നു അറസ്റ്റ്. സൗദിയില്‍ നിരോധിച്ച "ദാബ് മൂവ്" നൃത്തത്തില്‍ ഉള്‍പ്പെടുത്തിയതാണ് കാരണം. മയക്ക് മരുന്ന് ഉപയോഗത്തെ ദാബ് മൂവ് പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഇത് നിരോധിച്ചത്.