ബ്രഹ്മപുരം പ്ലാന്‍റില്‍ എത്തിക്കുന്ന മാലിന്യത്തിൽ നിന്നുള്ള മലിന ജലം സംസ്ക്കരിക്കാൻ പ്ലാന്‍റ് നിർമ്മിക്കാത്തതിനാണ് ദേശീയ ഹരിത ട്രൈബ്യൂണൽ നാലു കോടി രൂപ പിഴയടക്കാൻ ഉത്തരവിട്ടത്. 

കൊച്ചി: കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് പ്രശ്നത്തിൽ ശക്തമായ സമരം തുടങ്ങാൻ തയ്യാറെടുക്കുകയാണ് നഗര സഭയിലെ പ്രതിപക്ഷം. ഹരിത ട്രൈബ്യൂണല്‍ നിർദ്ദേശിച്ച പിഴ ഒടുക്കാത്തതിനാല്‍ അടച്ചു പൂട്ടൽ ഭീണഷിയിലാണ് പ്ലാന്‍റിപ്പോള്‍. ബ്രഹ്മപുരം പ്ലാന്‍റില്‍ എത്തിക്കുന്ന മാലിന്യത്തിൽ നിന്നുള്ള മലിന ജലം സംസ്ക്കരിക്കാൻ പ്ലാന്‍റ് നിർമ്മിക്കാത്തതിനാണ് ദേശീയ ഹരിത ട്രൈബ്യൂണൽ നാലു കോടി രൂപ പിഴയടക്കാൻ ഉത്തരവിട്ടത്. 

ഉത്തരവുവന്ന് മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം തുടങ്ങാൻ നഗരസഭ തയ്യാറായിട്ടില്ല. ആറു മാസത്തിനുള്ളിൽ പ്ലാന്‍റ് നിർമ്മാണം തുടങ്ങുമെന്ന് 2016 ൽ ഉറപ്പുനൽകിയിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അംഗീകാരമുള്ള ഗ്രീൻ മെതേഡ് എൻജിനീയറിംഗ് എന്ന കമ്പനിയുമായി ധാരണയിലെത്തുകയും ചെയതു. 

നിർമ്മാണത്തിനു ശേഷമുള്ള നടത്തിപ്പ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ ധാരണയായകാത്തതിനാൽ കരാർ ഒപ്പിട്ടില്ല. ഇതോടെ നിർമ്മാണവും മുടങ്ങി. പിഴ ഒടുക്കിയില്ലെങ്കിൽ പ്ലാന്‍റ് അടച്ചുപൂട്ടേണ്ടി വരും. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നറിഞ്ഞിട്ടും നടപടി എടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ടുണ്ട്. പ്രശ്നം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന്‍റെ ആവശ്യപ്രകാരം 12-ന് പ്രത്യേക കൗൺസിൽ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ വിധി മറികടക്കാൻ എന്തു നടപടി സ്വീകരിക്കും എന്നതു സംബന്ധിച്ച് വ്യക്തമായ മറപടി നൽകാൻ മേയറോ ഭരണ പക്ഷത്തെ പ്രമുഖരോ തയ്യാറാകുന്നില്ല.