ലോകകപ്പില്‍ ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളാണ് മഞ്ഞപ്പടയെ ആദ്യം പിന്നിലാക്കിയത്
റിയോ: റഷ്യന് ലോകകപ്പിനെ കണ്ണീരിലാഴ്ത്തി അഞ്ചു വട്ടം കിരീടമുയര്ത്തിയ ബ്രസീലും പുറത്തായി. ക്വാര്ട്ടറില് ബെല്ജിയത്തിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്ക്കായിരുന്നു കാനറികളുടെ പരാജയം. ആദ്യ പകുതിയിലാണ് അലിസണെ കീഴടക്കിയ രണ്ടു ഗോളുകളും പിറന്നത്. ഒന്ന് ബെല്ജിയത്തിന്റെ കെവിന് ഡിബ്രുയിന്റെ കാലില് നിന്നായിരുന്നെങ്കില് ആദ്യ ഗോള് വന്നത് ഫെര്ണാണ്ടീഞ്ഞോയുടെ ഒരു ഹെഡറില് സംഭവിച്ച അബദ്ധമായിരുന്നു.
രണ്ടാം പകുതിയില് കയ്യും മെയ്യും മറന്ന് പൊരുതിയെങ്കിലും അതിന്റെ കടം തീര്ക്കാന് നെയ്മര്ക്കും സംഘത്തിനും കഴിഞ്ഞില്ല. ഒടുവില് ലോകമെങ്ങുമുള്ള ആരാധകരെ കരയിച്ച് മഞ്ഞപ്പട ലോകകപ്പില് നിന്നു പുറത്തേക്കുള്ള വഴിയെ നടന്നകന്നു. ഇതിനു ശേഷം സെല്ഫ് ഗോള് അടിച്ച ഫെര്ണാണ്ടീഞ്ഞോയ്ക്കെതിരെ വ്യാപക വിമര്ശനങ്ങളാണ് ഉയര്ന്നത്.
ഇതിനൊപ്പം താരത്തിനെതിരെ ആരാധകരുടെ വംശീയ അധിക്ഷേപവും കൊലവിളിയും നടന്നു. ഫെര്ണാണ്ടീഞ്ഞോയ്ക്കൊപ്പം അദ്ദേഹത്തന്റെ കുടുംബത്തെയും ചിലര് ലക്ഷ്യം വച്ചു. കമന്റുകള് പരിധി വിട്ടപ്പോള് താരത്തിന്റെ അമ്മയ്ക്ക് സ്വന്തം ഇന്സ്റ്റാഗ്രാം അക്കൗണ്ട് പോലും അവസാനിപ്പിക്കേണ്ടി വന്നു.
എന്നാല്, മഞ്ഞപ്പടയ്ക്ക് വേണ്ടി മെെതാനത്ത് ചോരയും വിയര്പ്പും ഒഴുക്കിയ താരത്തിന് വേണ്ടി ബ്രസീല് ഫുട്ബോള് ഫെഡറേഷന് രംഗത്ത് വന്നു. വംശീയ അധിക്ഷേപത്തിനെതിരെ കടുത്ത ഭാഷയിലുള്ള പ്രതികരണമാണ് ഫെഡറേഷന് നടത്തിയത്. നിറങ്ങളുടെയും സംസ്കാരത്തിന്റെയുമെല്ലാം ഒത്തൊരുമിക്കലാണ് ഫുട്ബോളെന്നും ഫെര്ണാണ്ടീഞ്ഞോ... ഞങ്ങള് നിനക്കൊപ്പമുണ്ടെന്നും ഫെഡറേഷന് വ്യക്തമാക്കി.
ജര്മനിയോട് കഴിഞ്ഞ ലോകകപ്പില് തോല്വിയേറ്റ് വാങ്ങിയപ്പോഴും ഫെര്ണാണ്ടീഞ്ഞോയ്ക്കെതിരെ വിമര്ശനങ്ങള് വന്നിരുന്നു. സ്വന്തം ആരാധകരുടെ പ്രവര്ത്തിയെ പോലും ന്യായീകരിക്കാതെ താരത്തിന് വേണ്ടി നിലകൊണ്ട ബ്രസീല് ഫുട്ബോള് ഫെഡറേഷന് ഫുട്ബോള് ലോകം നിറഞ്ഞ പിന്തുണയും അഭിനന്ദനവുമാണ് നല്കുന്നത്.
