ചരിത്രത്തില്‍ ആകെ നാലുതവണയാണ് ബ്രസീലിനെ നേരിടാന്‍ ബെല്‍ജിയമെത്തിയത്. മൂന്നിലും ജയിച്ചത് ബ്രസീല്‍.

കസാന്‍: സെമി ഫൈനല്‍ സ്ഥാനത്തിനായി ഇന്ന് ബ്രസീലും ബെല്‍ജിയവും കളിക്കുമ്പോള്‍ കണക്കുകളില്‍ മുന്‍തൂക്കം കാനറികള്‍ക്ക് തന്നെ. ലോകകപ്പില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ ജയം ബ്രസീലിനൊപ്പമായിരുന്നു. 2002 ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ വച്ചായിരുന്നു ആ നേര്‍ക്കുനേര്‍ പോരാട്ടം. കാനറികള്‍ രണ്ട് ഗോളിന് ചുവന്ന ചെകുത്താന്‍മാരുടെ കഥ കഴിച്ചു. റിവാള്‍ഡോയും റൊണാള്‍ഡോയും സ്‌കോറര്‍മാര്‍.

ലോകകപ്പില്‍ അതിനു മുന്‍പും ശേഷവും ബെല്‍ജിയവും ബ്രസീലും പരസ്പരം പോരടിച്ചില്ല. പക്ഷെ ചരിത്രത്തില്‍ ആകെ നാലുതവണയാണ് ബ്രസീലിനെ നേരിടാന്‍ ബെല്‍ജിയമെത്തിയത്. മൂന്നിലും ജയിച്ചത് ബ്രസീല്‍. 1963ല്‍ അതായത് 55 വര്‍ഷം മുന്‍പ് നടന്ന സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ 5 ഗോളുകള്‍ക്ക് ബ്രസീലിനെ തോല്‍പിച്ചതാണ് ബെല്‍ജിയത്തിന് പറയാനുള്ള ഒരേ ഒരു വിജയ കഥ. ബ്രസീലിനെതിരെ ഒരു ഗോള്‍ കൂടിയേ ബെല്‍ജിയം പിന്നീട് നേടിയിട്ടുളളൂ. 

ബ്രസീലാകട്ടെ നാലു കൂടിക്കാഴ്ചയില്‍ നിന്ന് 10 ഗോളുകള്‍ ബെല്‍ജിയം പോസ്റ്റില്‍ കയറ്റി. ഇത്തവണ പക്ഷെ കണക്കുകള്‍ കൊണ്ട് മാത്രം പ്രവചനം എളുപ്പമാവില്ല. ബ്രസീല്‍ മുന്നേറ്റ നിര ഇതുവരെ 7 ഗോളടിച്ചപ്പോള്‍ 5 ഗോളുകള്‍ അധികം അടിച്ചു ബെല്‍ജിയം. നാലെണ്ണം ബെല്‍ജിയം തിരിച്ച് വാങ്ങിയപ്പോള്‍ ബ്രസില്‍ വാങ്ങിയത് ഒരേ ഒരു ഗോള്‍. 

സ്വിറ്റ്‌സര്‍ലണ്ടെനെതിരെ സമനിലയില്‍ കുരുങ്ങി ആദ്യ മത്സരത്തില്‍ ബ്രസീല്‍. എല്ലാ മത്സരവും ജയിച്ചതിന്റെ ആത്മ വിശ്വാസമുണ്ട് ബെല്‍ജിയത്തിന്. ലോകകപ്പിലെ എക്കാലത്തെയും മികച്ച റെക്കോര്‍ഡുള്ള ബ്രസീലിന് മുന്നില്‍ 86ല്‍ സെമി കളിച്ചതിന്റെ കണക്കു മാത്രമേ ബെല്‍ജിയത്തിന് എടുത്തു കാട്ടാനുള്ളൂ. പക്ഷെ സുവര്‍ണ തലമുറയില്‍ നിന്ന് ഇത്തവണ പ്രതീക്ഷയേറെയാണ്. കിരീടനേട്ടത്തിന് ശേഷമുള്ള ലോകകപ്പിലെല്ലാം ബ്രസീലിന് പുറത്തേക്കുള്ള വഴി കാട്ടിയ യൂറോപ്യന്‍ പ്രതിനിധിയാവുമോ ഇത്തവണ ബെല്‍ജിയം എന്ന് കാത്തിരുന്ന് കാണാം.