റിയോഡി ജനീറോ: ബ്രസീലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 18 പേര്‍ മരിച്ചു. കല്ലുകളും തടിക്കഷണങ്ങളും ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍. ജയിലില്‍ സന്ദര്‍ശകരായെത്തിയവരെ കലാപകാരികള്‍ ബന്ദികളാക്കുകയും ചെയ്തു. ബൊളീവിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന റോണ്ടോണിയ ജയിലിലാണ് തടവുകാര്‍ ഏറ്റുമുട്ടിയത്.

അധോലോക ഗുണ്ടാസംഘങ്ങളെ പ്രധാനമായും പാര്‍പ്പിച്ചിടുള്ള ഇവിടെ പലപ്പോഴും തടവുകാര്‍തമ്മിലുളള ഏറ്റുമുട്ടല്‍ ഉണ്ടാകാറുണ്ട്. ഇത്തവണ എന്താണ് പ്രകോപനത്തിന് കാരണമായതെന്ന് വ്യക്തമല്ല. കല്ലും മരക്കഷണങ്ങളും ഉപയോഗിച്ചാണ് ഏറ്റുമുട്ടല്‍തുടങ്ങിയത്. പരസ്പരം തലക്കടിച്ചും കല്ലെറിഞ്ഞുമായിരുന്നു ഏറ്റുമുട്ടല്‍. 25 ലേറെ പേര്‍ മരിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് 18 പേരെ മരിച്ചുള്ളു എന്ന് പോലീസ് അറിയിച്ചു.

ആറുപേരെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഏഴു പേരെ തീകൊളുത്തി കൊന്നു. ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കാനെത്തിയ നൂറോളം പേരെ കലാപകാരികള്‍ ബന്ദികളാക്കുകയും ചെയ്തു.എന്നാല്‍ പിന്നീട് പോലീസ് ഇവരെ മോചിപ്പിച്ചു. ജയില്‍ശിക്ഷ അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ ലോകത്ത് നാലം സ്ഥാനമാണ് ബ്രസീലിന്. കഴിഞ്ഞ മാസം സാവോപോളോയില്‍ 200 ഓളം തടവുകാര്‍ ജയില്‍ ചാടിയിരുന്നു.