യൂഗോസ്ലാവിയ ആയിരുന്ന കാലം കൂടി കണക്കാക്കിയാല്‍ നാല് പോരാട്ടങ്ങളില്‍ രണ്ട് ടീമുകള്‍ക്കും ഓരോ ജയമാണ് അക്കൗണ്ടിലുള്ളത്

മോസ്കോ: ലോകകപ്പില്‍ ആറാം തവണയും മുത്തമിടാനായാണ് ബ്രസീല്‍ പോരാളികള്‍ റഷ്യന്‍ മണ്ണിലിറങ്ങിയത്. ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലണ്ടിന് മുന്നില്‍ സമനിലയില്‍ കുരുങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ കോസ്റ്റാറിക്കയെ തകര്‍ത്ത് നോക്കൗട്ട് പ്രതീക്ഷയിലാണ്. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ സെര്‍ബിയക്കെതിരെ പരാജയപ്പെട്ടാല്‍ നെയ്മറിനും സംഘത്തിനും അത് വലിയ തിരിച്ചടിയാകും.

താരതമ്യേന ദുര്‍ബലരായ സെര്‍ബിയയെ നെയ്മറും സംഘവും തകര്‍ക്കും എന്ന് തന്നെയാണ് ഫുട്ബോള്‍ പ്രേമികളുടെ വിശ്വാസം. എന്നാല്‍ സെര്‍ബിയയെ നിസ്സാരമായി കാണരുതെന്നാണ് ചരിത്രം പറയുന്നത്. സെര്‍ബിയയും ബ്രസീലും ലോകകപ്പിന്‍റെ ചരിത്രത്തില്‍ നാല് തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. സെര്‍ബിയ സ്വതന്ത്ര റിപ്പബ്ലിക് ആകുന്നതിന് മുമ്പത്തെ കണക്ക് കൂടി ഉള്‍പ്പെടുത്തിയാണിത്.

യൂഗോസ്ലാവിയ ആയിരുന്ന കാലം കൂടി കണക്കാക്കിയാല്‍ നാല് പോരാട്ടങ്ങളില്‍ രണ്ട് ടീമുകള്‍ക്കും ഓരോ ജയമാണ് അക്കൗണ്ടിലുള്ളത്. 1930 ല്‍ നടന്ന ആദ്യ പോരാട്ടത്തില്‍ യുഗോസ്ലാവിയന്‍ പോരാട്ടത്തിന് മുന്നില്‍ ബ്രസീല്‍ അടിതെറ്റി വീഴുകയായിരുന്നു. 2014 ലെ പോരാട്ടത്തില്‍ നെയ്മറും സംഘവും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ചരിത്രം മാത്രമല്ല പരിക്കും ബ്രസീലിന് വെല്ലുവിളിയാകുകയാണ്. മധ്യനിരയില്‍ ബ്രസീലിന്‍റെ കളി മെനയുന്നതിലെ നിര്‍ണായക കണ്ണിയായ സൂപ്പര്‍ താരം ഡഗ്ലസ് കോസ്റ്റ പരിക്കേറ്റ് പുറത്തായി. കോസ്റ്റാറിക്കയ്ക്കെതിരായെ മത്സരത്തിനിടെ കാലിനേറ്റ പരിക്കാണ് താരത്തിനും ബ്രസീലിനും തിരിച്ചടിയായത്. കോസ്റ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണെന്നും സെര്‍ബിയക്കെതിരെ കളിക്കാനാകില്ലെന്നും ടീം ഡോക്ടര്‍ റോഡ്രിഡോ ലാസ്മര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കോസ്റ്റ ലോകകപ്പില്‍ നിന്ന് തന്നെ പുറത്തായെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 11.30 നാണ് ലോകം കാത്തിരിക്കുന്ന പോരാട്ടം.