ബ്രസീലിലെ ഫവേലകള്‍ എന്നറിയപ്പെടുന്ന ചേരികളില്‍ ജീവിച്ചിരുന്നവരാണ് ഇപ്പോഴത്തെ ദേശീയ ടീമിലെ ഏഴ് പേര്‍.

കസാന്‍: ദുരിതപൂര്‍ണ്ണമായ ബാല്യകാല ജീവിതത്തോട് പടവെട്ടിയെത്തിയവരാണ് ഇന്നത്തെ ബ്രസീല്‍ ടീമിലെ ഭൂരിഭാഗം അംഗങ്ങളും. ബ്രസീലിലെ ഫവേലകള്‍ എന്നറിയപ്പെടുന്ന ചേരികളില്‍ ജീവിച്ചിരുന്നവരാണ് ഇപ്പോഴത്തെ ദേശീയ ടീമിലെ ഏഴ് പേര്‍. ഗബ്രിയേല്‍ ജീസസ്, തിയാഗോ സില്‍വ, മിറാന്‍ഡ, മാഴ്‌സലോ, കാസിമെറോ, പൗളിന്യോ, ഗോള്‍വല കാക്കുന്ന കാസിയോയും എന്നിവരാണ് ഫവേലകളില്‍ അച്ഛനില്ലാത വളര്‍ന്ന ആ ഏഴ് പേര്‍.

റിയോ ഡി ജനീറോയിലെ മലമുകളില്‍ കൈകള്‍ വിരിച്ച ക്രിസ്തുവിന്റെ പ്രതിമ. അതിനു താഴെ ലോകം കാണുന്ന സുന്ദരമായ ബ്രസീല്‍. പക്ഷേ അത്ര സുന്ദരമല്ലാത്ത, ലോകം അത്രയൊന്നും കണ്ടിട്ടില്ലാത്ത ഒരു ബ്രസീലുണ്ട്. ഫവേലകളിലെ ജീവിതം തീര്‍ത്തും ദുരിതപൂര്‍ണമാണ്. ഇത്തിരിയിടത്തിലെ ജീവിതം. ആട്ടും തുപ്പും പരിഹാസവും മാത്രം ബാക്കി. പട്ടിണിയും അരാജകത്വവും ലഹരിയും നിറഞ്ഞ തെരുവുകള്‍. പക്ഷേ അവിടെ നിന്നാണ് ലോകോത്തോര ഫുട്‌ബോള്‍ താരങ്ങളുണ്ടായത്. ആ തെരുവുകളിലാണ് അവരുടെ കാലുകള്‍ ആദ്യം പന്ത് തട്ടിയത്.

അമ്മമാരാണ് അവരെ വളര്‍ത്തിയത്. ദുരിതം നിറഞ്ഞ ജീവിതത്തിന് കളിക്കളത്തിലെ നേട്ടങ്ങള്‍ക്കൊണ്ട് മറുപടി പറയണം ഇവര്‍ക്ക്. അതുകൊണ്ട് തന്നെ ജയിച്ചേ പറ്റൂ. ജീവിതത്തിലും മൈതാനത്തും. അവര്‍ക്ക് വേണ്ടി, അമ്മമാര്‍ക്ക് വേണ്ടിയും ഫവേലകള്‍ക്ക് വേണ്ടിയും.