ബെല്‍ജിയത്തിനെതിരായ മത്സരത്തിന് മുന്‍പേറ്റ ഇരുട്ടടിയില്‍ ഞെട്ടി ആരാധകര്‍

മോസ്‌കോ: ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരെ ഇറങ്ങുന്ന ബ്രസീലിയന്‍ ടീമില്‍ പ്രതിരോധതാരം ഡാനിലോയുണ്ടാവില്ല. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ഡാനിലോ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ലെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. കസാനില്‍ ടീം പരിശീനത്തിനിടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി താരത്തിന് പരിക്കേറ്റത്. തുടര്‍ മത്സരങ്ങളില്‍ കളിക്കാനാകില്ലെങ്കിലും ഡാനിലോ ടീമിനൊപ്പം തുടരും. നേരത്തെ പരിശീലനത്തിനിടെ കാല്‍ത്തുടക്ക് പരിക്കേറ്റ താരത്തിന് രണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇത് ഭേദമായി വരുന്നതിനിടെയാണ് അടുത്ത പരിക്ക് താരത്തെ പിടികൂടിയത്. പ്രീ ക്വാര്‍ട്ടറില്‍ പകരക്കാരനായിറങ്ങിയ കൊറിന്ത്യന്‍സ് താരം ഫാഗ്നര്‍ തന്നെ ഇന്നും കളിക്കുമെന്നാണ് സൂചനകള്‍. നേരത്തെ ഡാനി ആല്‍വസ് പരിക്കേറ്റതിനെ തുടര്‍ന്നാണ് റൈറ്റ് ബാക്ക് പൊസിഷനില്‍ 26കാരനായ ഡാനിലോ എത്തിയത്.